NEWSROOM

മണ്ണെടുപ്പ് നിര്‍ത്തിവെക്കും; ചേളന്നൂര്‍ പോഴിക്കാവില്‍ നാട്ടുകാരുടെ പ്രതിഷേധത്തിന് താത്കാലിക പരിഹാരം

ചേളന്നൂര്‍ പോഴിക്കാവില്‍ കുന്നിടിച്ചു മണ്ണെടുപ്പ് നടത്തുന്നതിനെതിരെ ജനകീയ സമര സമിതി നടത്തിയ പ്രതിഷേധമാണ് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് ചേളന്നൂര്‍ പോഴിക്കാവ് കുന്നിലെ മണ്ണെടുപ്പിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിന് ചര്‍ച്ചയിലൂടെ താത്കാലിക പരിഹാരം. മണ്ണെടുപ്പ് നിര്‍ത്തിവെക്കും. ജനകീയ സമരസമിതിയുമായി പൊലീസ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നാളെ ജിയോളിജിസ്റ്റും തഹസില്‍ദാറും സ്ഥലം പരിശോധിക്കും. അതേസമയം മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്ത് മണ്ണെടുപ്പ് പൂര്‍ണമായും നിര്‍ത്തിവച്ചില്ലെങ്കില്‍ സമരം തുടരാനാണ് സമരസമിതി തീരുമാനം.


ചേളന്നൂര്‍ പോഴിക്കാവില്‍ കുന്നിടിച്ചു മണ്ണെടുപ്പ് നടത്തുന്നതിനെതിരെ ജനകീയ സമര സമിതി നടത്തിയ പ്രതിഷേധമാണ് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. ദേശീയപാത നിര്‍മ്മാണത്തിനായാണ് അശാസ്ത്രീയമായ മണ്ണെടുപ്പ്. കനത്ത പോലീസ് കാവലില്‍ മണ്ണെടുപ്പ് നടക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധവുമായി എത്തിയ സമരക്കാര്‍ മണ്ണെടുക്കുന്ന വാഹനം തടയുകയും, പ്രതിഷേധക്കാരും പൊലീസുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. സമരക്കാരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. നിലത്തിട്ട് ചവിട്ടി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ്‌കുമാറിനെ പൊലീസ് കൈയ്യേറ്റം ചെയ്തു. പൊലീസ് ബലപ്രയോഗത്തിനിടെ യുവതി ബോധരഹിതയായി. അകാരണമായാണ് പൊലീസ് ആക്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.

Also Read: ചേളന്നൂർ ദേശീയപാതയിൽ കുന്നിടിച്ചുള്ള മണ്ണെടുപ്പിൽ പ്രതിഷേധിച്ച് നാട്ടുകാർ; സമരക്കാർക്കെതിരെ ലാത്തി വീശി പൊലീസ്

8 മാസത്തിലേറെയായി പ്രദേശത്ത് വന്‍തോതില്‍ മണ്ണ് ഖനനം നടത്തിയിരുന്നു. കുന്നിന്റെ ശേഷിക്കുന്ന ഭാഗം ഏത് സമയത്തും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ്. മഴ പെയ്യുമ്പോള്‍ ഇളകിയ മണ്ണ് മുഴുവന്‍ ഒഴുകി റോഡിലും സമീപത്തെ വീടുകളിലും എത്തിച്ചേര്‍ന്നതിനാല്‍ വന്‍ ദുരിതമാണ് അനുഭവിക്കുന്നതെന്നു നാട്ടുകാര്‍ പറയുന്നു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഫില്‍ ചെയ്യാനുള്ള മണ്ണെടുക്കാനാണ് കരാര്‍ കമ്പനി പ്രവര്‍ത്തി നടത്തുന്നത്. രണ്ട് മാസം മുന്‍പ് തന്നെ ഇതേച്ചൊല്ലി വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകുകയും, നാട്ടുകാര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ശേഷം ജിയോളജി ഡിപ്പാര്‍ട്‌മെന്റ് നടത്തിയ സര്‍വേയില്‍ മണ്ണെടുപ്പ് അശാസ്ത്രീയമാണെന്ന് അറിയിച്ചു. മണ്ണെടുക്കുന്നതിനെതിരെ ജിയോളജിസ്റ്റ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ഇതുപ്രകാരം മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇങ്ങനെ മണ്ണെടുത്തവര്‍ക്കെതിരെ കലക്ടറോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ നടപടി എടുത്തിട്ടില്ലെന്നു സമിതി ഭാരവാഹികള്‍ പറ?യുന്നു.

അതിനിടെ സമരത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചും, സമരക്കാരെ വലിച്ചിഴച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും കോണ്‍ഗ്രസും രംഗത്തെത്തി. ജനകീയ സമരസമിതിയുമായി പൊലീസ് നടത്തിയ ചര്‍ച്ചയില്‍ താത്കാലിക പരിഹാരമായെങ്കിലും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്ത് മണ്ണെടുപ്പ് പൂര്‍ണമായും നിര്‍ത്തിവച്ചില്ലെങ്കില്‍ സമരം തുടരുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍.

SCROLL FOR NEXT