NEWSROOM

ചേന്ദമംഗലം കൂട്ടക്കൊലപാതകം: രണ്ട് ദിവസം മുൻപ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു; ഋതുവിന്‍റെ മൊഴിയുടെ വിശദാംശങ്ങള്‍

കൂട്ടക്കൊല ആസൂത്രിതമാണെന്ന് പൊലീസ് റിപ്പോർട്ടിലും സ്ഥിരീകരണമുണ്ടായിരുന്നു

Author : ന്യൂസ് ഡെസ്ക്

ചേന്ദമംഗലത്തെ കൂട്ടക്കൊലപാതകത്തിൽ കുറ്റബോധമില്ലെന്ന് പ്രതി ഋതു ജയൻ. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് താൻ ആക്രമണം നടത്തിയതെന്ന് പ്രതി ആവർത്തിച്ചു. പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് പ്രതി ഇക്കാര്യങ്ങൾ പറഞ്ഞത്.

രണ്ട് ദിവസം മുൻപ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതി പറയുന്നു. പക്ഷേ അയൽവാസികൾ കൂടുതൽ പേർ ഉണ്ടായിരുന്നത് കൊണ്ടാണ് ആക്രമണം നടത്താതിരുന്നത്. ഋതു ജയനെ ഇന്ന് കൃത്യം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

കൂട്ടക്കൊല ആസൂത്രിതമാണെന്ന് പൊലീസ് റിപ്പോർട്ടിലും സ്ഥിരീകരണമുണ്ടായിരുന്നു. മരണമുറപ്പിക്കാൻ ഋതു മൂന്നുപേരുടെയും തലയിൽ നിരവധി തവണ കമ്പി വടി കൊണ്ടടിച്ചു. മോട്ടോർ സൈക്കിളിൽ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് അടിച്ചും കത്തി കൊണ്ടു കുത്തിയുമാണ് കൊലപാതകങ്ങൾ നടത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


അതേസമയം, ഋതുവിൻ്റെ ആക്രമണത്തില്‍ പരിക്കേറ്റ ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. ജിതിന്റെ മൊഴിയെടുത്ത് വളരെ പെട്ടെന്ന് തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ആക്രമണം നടക്കുമ്പോള്‍ പ്രതി ലഹരി വസ്തു ഉപയോഗിച്ചിട്ടില്ലെന്നും മാനസിക വൈകല്യമുള്ള ആളല്ലെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.

പെരേപ്പാടം കാട്ടുപറമ്പിൽ വേണു, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരെ അയൽവാസിയായ ഋതു ഇരുമ്പുവടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട വിനീഷയുടെ ഭർത്താവ് ജിതിൻ തന്റെ സഹോദരിയെപ്പറ്റി മോശമായി സംസാരിച്ചതാണ് ആക്രമിക്കാൻ കാരണമെന്നാണ് പ്രതി പറയുന്നത്. ജിതിനെ ആക്രമിക്കാനാണ് എത്തിയതെന്നും തടുക്കാൻ ശ്രമിച്ചവരെ പിന്നീട് ആക്രമിക്കുകയായിരുന്നു എന്നാണ് ഋതുവിന്റെ മൊഴി. പന്ത്രണ്ടും ആറും വയസ് മാത്രം പ്രായമുള്ള ആരാധ്യയുടെയും അവനിയുടേയും മുന്നിലിട്ടാണ് അമ്മയെയും മുത്തച്ഛനെയും മുത്തശ്ശിയെയും ക്രൂരമായി പ്രതി കൊലപ്പെടുത്തിയത്.

SCROLL FOR NEXT