NEWSROOM

ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതിയുടെ വീട് നാട്ടുകാർ തല്ലിത്തകർത്തു; പരിസരത്ത് കനത്ത പൊലീസ് കാവൽ

പൊലീസെത്തിയാണ് നാട്ടുകാരെ വിരട്ടിയോടിച്ചത്. സ്ഥലത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിലെ പ്രതി ഋതു ജയൻ്റെ വീട് നാട്ടുകാർ തല്ലിത്തകർത്തു. പൊലീസെത്തിയാണ് നാട്ടുകാരെ വിരട്ടിയോടിച്ചത്. സ്ഥലത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രതി റിതുവിനായുള്ള കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പ്രതിയെ വിട്ടുകിട്ടിയാല്‍ തെളിവെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഋതു ജയനെ കസ്റ്റഡിയിൽ വിട്ട് കിട്ടാൻ പൊലീസ് കഴിഞ്ഞ ദിവസമാണ് അപേക്ഷ സമർപ്പിച്ചത്. പറവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്.

റിതുവിൻ്റെ ആക്രമണത്തില്‍ പരിക്കേറ്റ ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. ജിതിന്റെ മൊഴിയെടുത്ത് വളരെ പെട്ടെന്ന് തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ആക്രമണം നടക്കുമ്പോള്‍ പ്രതി ലഹരി വസ്തു ഉപയോഗിച്ചിട്ടില്ലെന്നും മാനസിക വൈകല്യമുള്ള ആളല്ലെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.

പെരേപ്പാടം കാട്ടുപറമ്പിൽ വേണു, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരെ അയൽവാസിയായ ഋതു ഇരുമ്പുവടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട വിനീഷയുടെ ഭർത്താവ് ജിതിൻ തന്റെ സഹോദരിയെപ്പറ്റി മോശമായി സംസാരിച്ചതാണ് ആക്രമിക്കാൻ കാരണമെന്നാണ് പ്രതി പറയുന്നത്. ജിതിനെ ആക്രമിക്കാനാണ് എത്തിയതെന്നും തടുക്കാൻ ശ്രമിച്ചവരെ പിന്നീട് ആക്രമിക്കുകയായിരുന്നു എന്നാണ് ഋതുവിന്റെ മൊഴി. പന്ത്രണ്ടും ആറും വയസ് മാത്രം പ്രായമുള്ള ആരാധ്യയുടെയും അവനിയുടേയും മുന്നിലിട്ടാണ് അമ്മയെയും മുത്തച്ഛനെയും മുത്തശ്ശിയെയും ക്രൂരമായി കൊലപ്പെടുത്തിയത്.

SCROLL FOR NEXT