NEWSROOM

ചേന്ദമംഗലം കൂട്ടക്കൊലപാതകം: പ്രതി ഋതുവിനായുള്ള കസ്റ്റഡി അപേക്ഷ സമർപ്പിച്ച് പൊലീസ്

ഋതുവിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ജിതിന്റെ നില ഗുരുതരമായി തുടരുകയാണ്

Author : ന്യൂസ് ഡെസ്ക്

ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിൽ പ്രതി ഋതു ജയനെ കസ്റ്റഡിയിൽ വിട്ട് കിട്ടാൻ പൊലീസ് അപേക്ഷ സമർപ്പിച്ചു. പറവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അഞ്ചു ദിവസത്തേക്ക് കസ്റ്റഡി അപേക്ഷ നൽകിയത്.  മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ 17 അംഗം സംഘമാണ് കേസ് അന്വേഷിക്കുന്നത്.  ഋതുവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.

ചേന്ദമംഗലം കൂട്ടകൊലപാതക കേസിൽ കുറ്റപത്രം അതിവേഗത്തിൽ സമർപ്പിക്കുമെന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന അറിയിച്ചു.മൂന്ന് ഡിവൈഎസ്പിമാർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും, കൊലപാതക കാരണം വിശദമായി അന്വേഷിച്ച് വരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊല നടന്ന വീട്ടിൽ നിന്നും സിസിടിവി അടക്കമുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം അടക്കുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മന്ത്രി പി. രാജീവ് മരിച്ചവരുടെ ബന്ധുകളുമായി ചർച്ച നടത്തി.

അതേസമയം, ഋതുവിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ജിതിന്റെ നില ഗുരുതരമായി തുടരുകയാണ്. ശസ്ത്രക്രിയ വിജയം ആയോ എന്നറിയാൻ 48 മണിക്കൂർ കഴിയണമെന്ന് ഡോക്ടർമാർ അറിയിച്ചു.  ഇന്നലെ ഉച്ചയ്ക്കാണ് ജിതിന് ശസ്ത്രക്രിയ നടത്തിയത്. ജിതിൻ ഇപ്പോഴും ന്യൂറോ സർജിക്കൽ ഐസിയുവിൽ തന്നെയാണ്.

പെരേപ്പാടം കാട്ടുപറമ്പിൽ വേണു, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരെ അയൽവാസിയായ ഋതു ഇരുമ്പുവടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട വിനീഷയുടെ ഭർത്താവ് ജിതിൻ തന്റെ സഹോദരിയെപ്പറ്റി മോശമായി സംസാരിച്ചതാണ് ആക്രമിക്കാൻ കാരണമെന്നാണ് പ്രതി പറയുന്നത്. ജിതിനെ ആക്രമിക്കാനാണ് എത്തിയതെന്നും തടുക്കാൻ ശ്രമിച്ചവരെ പിന്നീട് ആക്രമിക്കുകയായിരുന്നു എന്നാണ് ഋതുവിന്റെ മൊഴി. പന്ത്രണ്ടും ആറും വയസ് മാത്രം പ്രായമുള്ള ആരാധ്യയുടെയും അവനിയുടേയും മുന്നിലിട്ടാണ് അമ്മയെയും മുത്തച്ഛനെയും മുത്തശ്ശിയെയും ക്രൂരമായി കൊലപ്പെടുത്തിയത്.

കൃത്യം നടത്തുന്ന സമയത്ത് പ്രതി ലഹരി ഉപയോഗിച്ചില്ല എന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ.  പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ലഹരിവസ്തുക്കൾ കണ്ടെത്തിയില്ല. 

SCROLL FOR NEXT