ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ, മേപ്പാടി മേഖലകളിൽ രണ്ടാം ദിവസവും രക്ഷാപ്രവർത്തനം പൂർണ തോതിൽ തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ 144 മൃത ദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ദുരന്തഭൂമിയിൽ 191 പേരെ കാണാനില്ലെന്നാണ് പുറത്തു വരുന്ന വിവരം. ദുരന്തമേഖലയിൽ നിന്നും പരമാവധി ആളുകളെ സുരക്ഷിതരാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് ആവശ്യമായ ചികിത്സയും പരിചരണവും ഒരുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സൈന്യത്തിന്റെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. 4 സംഘങ്ങളായി 150 സൈനികരാണ് ഇപ്പോൾ ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. 205 പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. 191 പേരെ കാണാതായിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ ഔദോഗികമായി നൽകുന്ന വിവരം. ഇതുവരെ 1592 പേരെ രക്ഷിച്ചു. 90 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 82 ക്യാമ്പുകളിൽ 8017 പേർ കഴിയുന്നു. ഇതിൽ 19 ഗർഭിണികളുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു. അതിനിടെ നിലമ്പൂരിൽ നിന്നുള്ള മൃതദേഹങ്ങൾ മേപ്പാടിയിൽ എത്തിച്ചുവെന്നാണ് സംഭവസ്ഥലത്തു നിന്ന് ലഭിക്കുന്ന വിവരം.
കാലാവസ്ഥ മുന്നറിയിപ്പ് എല്ലാകാലത്തും പരിഗണിക്കപ്പെടാറുണ്ട്. കാലാവസ്ഥാ വിഭാഗത്തിൻ്റെ നിർദേശ പ്രകാരം 115. നും 214 മി. മീറ്ററിനും ഇടയിൽ മഴ പെയ്യുമെന്നായിരുന്നു മുന്നറിയിപ്പ് ലഭിച്ചത്. പക്ഷെ 48 മണിക്കൂറിനുള്ളിൽ 572 മി.മീറ്റർ മഴ പെയ്തു. മുന്നറിയിപ്പിനേക്കാൾ എത്രയോ അധികമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിന് മുൻപ് റെഡ് അലർട്ട് നൽകിയിരുന്നില്ലെന്നും അന്ന് രാവിലെയാണ് റെഡ് അലർട്ട് നൽകിയതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏകോപനവും വേഗത്തിലുള്ളതുമായ രക്ഷപ്രവർത്തനം സ്ഥലത്ത് നടക്കുന്നുണ്ട്.മന്ത്രിമാർ പ്രദേശത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനം ഏകോപിപ്പിക്കുന്നു. താൽക്കാലിക ആശുപത്രി ഇന്നലത്തോടെ സജ്ജമാക്കിയിട്ടുണ്ട്.പോസ്റ്റ് മോർട്ടം നടപടികൾ വേഗത്തിലാക്കും. പോസ്റ്റ് മോർട്ടം നടത്താൻ കൂടുതൽ ഫോറൻസിക് സംഘങ്ങളെ നിയോഗിച്ചു. കൂടുതൽ ടേബിളുകളും സജ്ജമാക്കിയിട്ടുണ്ട് . പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മാനസിക പിന്തുണ ഉറപ്പാക്കുവാനും സംവിദാനം ഒരുക്കിയിട്ടുണ്ട്. ശരീര ഭാഗങ്ങൾ ലഭിച്ചവരുടെ ജനിതക സാമ്പിളുകൾ ശേഖരിച്ചു തുടങ്ങിയതായും രക്ഷപ്പെട്ടു വരുന്നവർക്ക് അടിയന്തര സഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കണ്ണൂരിൽ നിന്ന് ഇറക്കിയ പാല നിർമാണത്തിനുള്ള വസ്തുക്കൾ ഇന്നലെ തന്നെ സ്ഥലത്തെത്തിച്ചിട്ടുണ്ട്.പാലം നിർമാണം നാളെ പൂർണതോതിൽ ആകുംഅതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. ദുരന്തത്തിൽ കെഎസ്ഇബിയ്ക്ക് മാത്രം 3 കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിൽ വ്യക്തമാകുന്നത്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മഴയാകും ഉണ്ടാകുകയെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.
നാടിനെ പുനർ നിർമ്മിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ദുരിതബാധിതരെ സഹായിക്കാനെന്ന പേരിൽ വ്യാപകമായി നടത്തുന്ന അനാവശ്യ പണപ്പിരിവ് ഒഴിവാക്കണമെന്നും നിർദേശിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞതിൽ ഒരു ഭാഗം വസ്തുതയുണ്ട് ഒരു ഭാഗം വസ്തുതയില്ല. പരസ്പരം പഴിചാരേണ്ട സന്ദർഭമല്ലയിതെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.