NEWSROOM

ഷിരൂരിലെ രക്ഷാപ്രവർത്തനം; കർണാടക സർക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി

ഞങ്ങളുടെ ഭാഗത്തുനിന്നുള്ള അഭ്യർത്ഥനകളോട് നിങ്ങൾ നല്ല രീതിയിൽ പ്രതികരിച്ചു, അതിന് ഞങ്ങൾ ആത്മാർത്ഥമായ നന്ദി പ്രകടിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു

Author : ന്യൂസ് ഡെസ്ക്

ഷിരൂരിലെ രക്ഷാപ്രവർത്തനത്തിൽ കർണാടക സർക്കാർ നടത്തിയ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ കർണാടക സർക്കാർ നടത്തിയ ശ്രമങ്ങൾക്ക് കേരള സർക്കാരിൻ്റെയും  ജനങ്ങളുടേയും പേരിൽ  നന്ദി പറഞ്ഞു കൊണ്ടാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിണറായി കത്തയച്ചത്.

ഞങ്ങളുടെ ഭാഗത്തുനിന്നുള്ള അഭ്യർത്ഥനകളോട് നിങ്ങൾ നല്ല രീതിയിൽ പ്രതികരിച്ചു, അതിന് ഞങ്ങൾ ആത്മാർത്ഥമായ നന്ദി പ്രകടിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു. കർവാർ എംഎൽഎയായ സതീഷ് കൃഷ്ണ സെയിൽ അടക്കമുള്ള രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന എല്ലാവർക്കും കൂടാതെ ജില്ലാ ഭരണകൂടത്തിനോടും ഞങ്ങളുടെ നന്ദി അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും കത്തിൽ കൂട്ടിച്ചേർത്തു. വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ട അർജുൻ്റെ കുടുംബത്തിനും ഒപ്പം നിന്ന എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ടാണ് കത്ത് അവസാനിപ്പിച്ചത്.

ALSO READ: 72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു; അര്‍ജുന് ആദരാഞ്ജലികള്‍ നേര്‍ന്ന് മമ്മൂട്ടി


ഇന്ന് നടത്തിയ നിർണായക തെരച്ചിലിനൊടുവിലാണ് മണ്ണിടിച്ചിലിൽ നദിയിലകപ്പെട്ട അർജുന്‍റെ ലോറി കണ്ടെത്തിയത്. കൂടാതെ വാഹനത്തിൽ നിന്ന് ഒരു മൃതശരീരം കണ്ടെത്തിയിരുന്നു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ ആരുടേതാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു. ലോറി അർജുന്‍റെയാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. ലോറി നദിയിലകപ്പെട്ട് എഴുപത്തൊന്നാം ദിവസമാണ് കണ്ടെത്തുന്നത്. ലോറിയുടെ ക്യാബിൻ പൂർണമായും തകർന്ന നിലയിലാണ് കണ്ടെത്തിയത്. പന്ത്രണ്ട് അടി താഴ്ചയിൽ നിന്നാണ് ലോറി ഉയർത്തിയത്തിയെടുത്തത്.

നേവി മാർക്ക് ചെയ്ത ഈ ഭാഗത്ത് പുഴയിൽ മണൽതിട്ടകൾ രൂപപ്പെട്ടതിനാൽ ഡ്രഡ്ജറിന് ഈ ഭാഗത്തേക്ക് എത്താനായിരുന്നില്ല. നേരത്തെ ഈശ്വർ മാൽപെ ഉൾപ്പെടെയുള്ള മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയിലാണ് ലോഹഭാഗങ്ങളും കയറുൾപ്പെടെയുള്ളവയും കണ്ടെത്തിയത്. ജി പി എസ് സിഗ്നലിൽ ഏറ്റവും കൂടുതൽ ലോഹ സാന്നിധ്യം കണ്ടെത്തിയതും ഈ ഭാഗത്തായിരുന്നു.അതിനാൽ ആഴത്തിൽ മണ്ണ് നീക്കിയുള്ള പരിശോധനയായിരുന്നു നടത്തിയത്.

SCROLL FOR NEXT