അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ, തിരുപ്പതി പ്രസാദമായ ലഡു വിതരണം ചെയ്തതായി വെളിപ്പെടുത്തൽ. 300 കിലോഗ്രാം പ്രസാദം വിതരണം ചെയ്തതായി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് വെളിപ്പെടുത്തി. പ്രസാദത്തിൽ മൃഗക്കൊഴുപ്പ് കലർത്തിയിട്ടുണ്ടെങ്കിൽ അത് പൊറുക്കാനാകില്ലെന്നും കർശന നടപടിയെടുക്കണമെന്നും സത്യേന്ദ്രദാസ് പറഞ്ഞു. എന്നാൽ ഇക്കാര്യം ശരിയല്ലെന്ന് ക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി.
READ MORE: തിരുപ്പതി ലഡു വിവാദം; ആരോപണങ്ങള് ആവർത്തിച്ച് ടിഡിപി; ലാബ് റിപ്പോർട്ട് പുറത്തുവിട്ട് പാർട്ടി വക്താവ്
തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിൽ മൃഗക്കൊഴുപ്പ് അംശം കണ്ടെത്തിയെന്ന ആരോപണത്തിൽ വിവാദം കത്തികയറുന്നതിനിടെയാണ് അയോധ്യയിൽ നിന്നുള്ള പുതിയ വെളിപ്പെടുത്തൽ. രാമക്ഷേത്രത്തിൻ്റെ പ്രാൺപ്രതിഷ്ഠാ ചടങ്ങിൽ തിരുപ്പതി ക്ഷേത്രത്തിൽ നിന്നുള്ള ലഡു വിതരണം ചെയ്തുവെന്നും ഇതിൽ മൃഗക്കൊഴുപ്പ് കലർന്നിരുന്നോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് രാമക്ഷത്രം മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്രദാസാണ് രംഗത്തുവന്നത്.
"ജനുവരിയിൽ അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിൽ തിരുപ്പതി ക്ഷേത്രത്തിൽ നിന്നുള്ള ലഡു വിതരണം ചെയ്തു. എത്ര ലഡു കൊണ്ടുവന്നെന്ന് തനിക്ക് അറിയില്ല. ട്രസ്റ്റിന് അത് അറിയാം. പ്രസാദത്തിൽ മൃഗക്കൊഴുപ്പ് കലർന്നിട്ടുണ്ടെങ്കിൽ പൊറുക്കാനാകില്ല. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണം-" പുരോഹിതൻ ആചാര്യ സത്യേന്ദ്രദാസ് വ്യക്തമാക്കി.
എന്നാൽ ആരോപണം ക്ഷേത്രം ട്രസ്റ്റ് നിഷേധിച്ചു. പ്രതിഷ്ഠാ ചടങ്ങിനായി ഒരു ലക്ഷത്തിലധികം ലഡു അയച്ചിരുന്നു, ചടങ്ങിൽ ഏലക്ക മാത്രമാണ് പ്രസാദമായി വിതരണം ചെയ്തതെന്നും രാമക്ഷേത്രം കൈകാര്യം ചെയ്യുന്ന ട്രസ്റ്റായ ശ്രീരാമ ജന്മഭൂമി തീർഥ് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
READ MORE: തിരുപ്പതി ലഡു വിവാദം; ആന്ധ്ര സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യ വകുപ്പ്
ആന്ധ്രയിൽ കഴിഞ്ഞ ജഗൻ മോഹൻ റെഡ്ഡി സർക്കാരിൻ്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തിലെ ലഡു വിതരണം ചെയ്തത് ശുദ്ധമായ നെയ്യിൽ അല്ലെന്നും മൃഗക്കൊഴുപ്പ് കലർന്നുവെന്നുമാണ് വിവാദം. ലാബ് റിപ്പോർട്ട് അടക്കം ചേർത്ത് ടിഡിപിയാണ് ആരോപണം ഉന്നയിച്ചത്. എന്നാൽ ഇക്കാര്യം ജഗൻ മോഹൻ നിഷേധിച്ചിട്ടുണ്ട്.