NEWSROOM

പുഷ്പ 2 തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റ കുട്ടിയുടെ നിലഗുരുതരം; തലച്ചോറിന് ക്ഷതമേറ്റതായി റിപ്പോര്‍ട്ട്

കുട്ടി വെൻ്റിലേറ്ററിൽ ചികിത്സയിലാണ്

Author : ന്യൂസ് ഡെസ്ക്

പുഷ്പ 2 തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റ എട്ട് വയസുകാരന്റെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം തെലങ്കാന ആരോഗ്യ സെക്രട്ടറിയും ഹൈദരാബാദ് പൊലീസ് കമ്മീഷണറും കുട്ടിയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു.

കുഞ്ഞിന്റെ നില ഗുരതരമായി തുടരുകയാണെന്ന് സന്ദര്‍ശനത്തിനു ശേഷം പൊലീസ് കമ്മീഷണര്‍ സി.വി. ആനന്ദ് പറഞ്ഞതായാണ് ദി ഹിന്ദു അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടിയുടെ മസ്തിഷ്‌കത്തിന് ഗുരതരമായി ക്ഷതമേറ്റിട്ടുണ്ട്. നീണ്ട കാലത്തെ ചികിത്സ ആവശ്യമാണെന്നും പൊലീസ് കമ്മീഷണര്‍ അറിയിച്ചു.


അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ന്റെ പ്രീമിയര്‍ ഷോയ്ക്കിടെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ദാരുണമായ സംഭവമുണ്ടായത്. ശ്രീ തേജ് എന്ന കുട്ടിക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടത്തില്‍ ശ്രീ തേജിന്റെ അമ്മ രേവതി മരണപ്പെട്ടിരുന്നു. രേവതിയുടെ മരണത്തില്‍ അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം ലഭിച്ചെങ്കിലും ഒരു രാത്രി ജയിലില്‍ കഴിഞ്ഞതിനു ശേഷമാണ് അല്ലു അര്‍ജുന്‍ മോചിതനായത്.

ഇതിനിടയിലാണ് കുട്ടിയുടെ നില ഗുരതരമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അല്ലു അര്‍ജുനും രശ്മികയും എത്തിയതിനു പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടിക്ക് ശ്വാസം ലഭിക്കാതായി. ഓക്സിജൻ്റെ ലഭ്യതക്കുറവ് തലച്ചോറിൻ്റെ പ്രവർത്തനത്തെ ബാധിച്ചതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിലവില്‍ കുട്ടി വെന്റിലേറ്ററിലാണെന്നും പൊലീസ് കമ്മീഷണര്‍ സി.വി. ആനന്ദ് അറിയിച്ചു.

ആശുപത്രിയില്‍ കഴിയുന്ന കുട്ടിയെ അല്ലു അര്‍ജുന്‍ ഇതുവരെ സന്ദര്‍ശിച്ചിരുന്നില്ല. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, കുഞ്ഞിനെ കാണാന്‍ ആശുപത്രിയില്‍ പോകരുതെന്ന നിയമോപദേശം ലഭിച്ചതായാണ് താരത്തിന്റെ വിശദീകരണം. കുട്ടിയുടെ ചികിത്സയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുമെന്നും അല്ലു അര്‍ജുന്‍ വ്യക്തമാക്കിയിരുന്നു. ഉടന്‍ തന്നെ കുട്ടിയേയും കുടുംബത്തേയും കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചിരുന്നു.

SCROLL FOR NEXT