ഇന്ത്യയുടെ സിലിക്കൺ വാലിയെന്നറിയപ്പെടുന്ന ബെംഗുളൂരുവിൽ നിന്ന് മൂന്ന് മണിക്കൂർ സഞ്ചരിച്ചാൽ കാരി-കേയറ്റനഹള്ളിയെന്ന കൊച്ചുഗ്രാമത്തിലെത്തും. ഗ്രാമഭംഗിക്ക് പുറമെ ചില കൗതുകകരമായ ആചാരങ്ങളാണ് ഹസൻ ജില്ലയിലെ ഈ ഗ്രാമത്തെ അതിമനോഹരമാക്കുന്നത്. മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള ആചാരമാണ് അതിൽ ഏറ്റവും കൗതുകകരം.
നാട്ടുകാർ തെരഞ്ഞെടുക്കുന്ന രണ്ട് ആൺകുട്ടികൾ, മഴ പെയ്യാനായി വരനും വധുവുമായി വേഷമിടും. മഴ ദേവതകളെ പ്രീതിപ്പിച്ചാൽ മഴ പെയ്യുകയും വിളകൾ സംരക്ഷിക്കപ്പെടുയും ചെയ്യുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. ഇതിനായി ഇവർ ഒമ്പത് ദിവസം നീളുന്ന വലിയ ആചാരം നടത്തുന്നു. ഒൻപതാം ദിവസമാണ് ഇതിൽ ഏറ്റവും പ്രധാനം. ഈ ദിവസം, ഗ്രാമവാസികൾ തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് കുട്ടികളെ വധുവും വരനും ആയി അണിയിച്ചൊരുക്കും. ആൺകുട്ടികളെയാണ് സാധാരണയായി ചടങ്ങിനായി തെരഞ്ഞെടുക്കുക. ഒരാൾ പെൺകുട്ടിയായി വേഷമണിയും.
നാട്ടുകാർ റാഗി വിള വിതയ്ക്കുമ്പോഴെല്ലാം കാലാവസ്ഥ മോശമായിരിക്കും. മഴയുടെ അഭാവം വിളകൾക്കും അവയുടെ നിലനിൽപ്പിനും വലിയ ഭീഷണിയാണ്. ഇത്തരം സാഹചര്യങ്ങളിലാണ് നാട്ടുകാർ സാധരണയായി ഈ ആചാരം അനുഷ്ടിക്കുന്നത്. മഴ പെയ്യുന്നതിനായി രാജ്യത്തുടനീളം തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട് വന്ന ഒരു പാരമ്പര്യമാണ് ഇത്. കർണാടകയിൽ തന്നെ, പ്രാദേശിക ദേവതകളുടെ പ്രത്യേക പൂജകളും മഴയെ വിളിച്ച് വരുത്തുന്ന പ്രതീകാത്മക പ്രവർത്തനങ്ങളും ഉൾപ്പെടുന്ന നിരവധി ആചാരങ്ങളുണ്ട്.
ഇത്തരത്തിൽ തുംകുരുവിലെ പാവഗഡ താലൂക്കിൽ നടക്കുന്ന ഒരു ആചാരമാണ് 'ജൽദി'. ഇവിടെ പാറകൾ ഉരുട്ടിയിട്ടാല്‍ മഴ പെയ്യുമെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്. ചടങ്ങിൽ ഗ്രാമദേവതയുടെ ഘോഷയാത്രയും പ്രാദേശിക കുളത്തിൽ നടക്കുന്ന പ്രത്യേക പൂജയും ഉൾപ്പെടുന്നു.