NEWSROOM

ചാച്ചാജിയുടെ സ്‌മരണയിൽ രാജ്യം; ഇന്ന് ശിശുദിനം

ശാസ്ത്രബോധത്തോടെ വിശ്വ മാനവികതയെ തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരണമെന്നാണ് നെഹ്റുവിന്റെ ഓരോ ജന്മദിനവും ഓർമിപ്പിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഇന്ന് ശിശുദിനം, ചാച്ചാജിയെന്ന് ഓമനപ്പേരിട്ട് വിളിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം. മകൾ ഇന്ദിരയ്ക്ക് എഴുതിയ കത്തുകളിൽ മകളുടെ ഭാവിയേക്കാൾ വരുംതലമുറയെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു കത്തിൽ കൂടുതലായും ഉണ്ടായിരുന്നത്.


എന്തുകൊണ്ടാണ് നെഹ്റുവിനെ ചാച്ചാജി എന്നു വിളിക്കുന്നത്?

കുട്ടികളോട് സവിശേഷ വാത്സല്യമുണ്ടായിരുന്നയാൾ എന്ന ലളിത വ്യാഖ്യാനത്തിൽ ഈ ചോദ്യത്തിനുള്ള ഉത്തരം ഒതുങ്ങുമെന്ന് തോന്നുന്നില്ല. കുഞ്ഞുങ്ങളെ ഇന്ത്യയുടെ ഭാവിയായി ജവഹർലാൽ നെഹ്റു കണ്ടിരുന്നു. അവരെ രാജ്യത്തി‍ന്‍റെ ഭാവിയായി വാർത്തെടുക്കുന്നതിനായി നിരവധി പദ്ധതികളും നെഹ്റു വിഭാവനം ചെയ്ത് നടപ്പാക്കി. രാജ്യത്തെ ആദ്യത്തെ ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഇതിന് ഉദാഹരണമാണ്. 1950 കളുടെ മധ്യത്തിൽ ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ സ്ഥാപിക്കണമെങ്കിൽ കുട്ടികളുടെ ഭാവി ലോകത്തെ നെഹ്റു എത്ര വിശാലമായി സ്വപ്നം കണ്ടിരിക്കുമെന്നത് വിളിച്ചോതുന്നു.

സോവിയറ്റ് സാഹിത്യത്തെ സംബന്ധിച്ച് പുഷ്കല കാലമായിരുന്നു അത്. ഇന്ത്യയിൽ സോവിയറ്റ് സാഹിത്യം വ്യാപകമായി വായിക്കപ്പെട്ട കാലമായിരുന്നു അത്. ശാസ്ത്രവും മാനവികതയും നിറഞ്ഞ ലോകത്ത് കുഞ്ഞുങ്ങൾ വളരണമെന്നും, അവരാൽ ലോകം നയിക്കപ്പെടണമെന്നുമുള്ള സ്വപ്നം അതിലുണ്ടായിരുന്നു. നെഹ്റു അത് സ്വപ്നം കണ്ടു. ഇന്ത്യയിൽ ഓരോ കുഞ്ഞും ശാസ്ത്ര ബോധത്തോടെ വളരണമെന്ന തീവ്രമായ ആ​ഗ്രഹം നെഹ്റു വെച്ച് പുല‍ർത്തി. അങ്ങനെ നെഹ്റു സ്വപ്നം കാണുകയും, നെഹ്റുവിലെ സ്വപ്നത്തെ തിരിച്ചറിയുകയും ചെയ്തവരുടെ തലമുറയോ, അവശേഷിക്കുന്ന മനുഷ്യരോ ആണിപ്പോൾ ലോകത്തെ എല്ലാ വിഭാ​ഗീതയയ്ക്കും ശാസ്ത്രവിരുദ്ധതയ്ക്കും എതിരെ നിൽക്കുന്നവർ. അവരുടെ ആശയത്തെയാണ് നെഹ്റുവിയൻ വിചാരധാര എന്ന് വിളിക്കുന്നതും.

എന്നാൽ, കാലാന്തരത്തിൽ മറ്റൊരു വിചാരധാരയ്ക്ക് വളക്കൂറുള്ള മണ്ണായി പുതിയ ഇന്ത്യ മാറി. കുഞ്ഞുങ്ങളുടെ നിഷ്കളങ്ക സഹജമായ സ്വപ്നങ്ങൾ വരച്ചിട്ട കാലങ്ങളിലെല്ലാം... കുഞ്ഞുങ്ങളുടെ കരച്ചിലുകളും ചരിത്രത്തിലിടം നേടി. നാസി ക്യാമ്പുകളിലെ, ​ഗുലാ​ഗുകളിലെ, സിറിയയിലെ, ​ഗാസയിലെ, അഫ്​ഗാനിലെ, ടെൽ അവീവിലെ, ടെഹ്റാനിലെ, ​​ഗുജറാത്തിലെയെല്ലാം കുഞ്ഞുങ്ങളുടെ നിലവിളികൾ നിലക്കാതെ ഉയ‍ർന്നതും ലോകം കണ്ടു. കുഞ്ഞുങ്ങൾ മുതി‍ർന്നവരാണ് എന്ന തത്വചിന്ത വന്നത് നെഹ്റുവിയൻ കാഴ്ചപ്പാടിലൂടെയാണ്. കുഞ്ഞുങ്ങൾ അത്ര ചെറിയവരല്ലെന്ന പ്രയോഗത്തിലുണ്ട് അതിന്റെ സത്ത. നെഹ്റുവിന്റെ ജന്മദിനം ആഘോഷിക്കുന്ന ഇന്നത്തെ ശിശുക്കളുടെ ലോകത്ത് നവസാങ്കേതിക വിദ്യയുണ്ട്. അവരുടെ ലോകം അതിനാൽ ചുറ്റപ്പെട്ടതുമാണ്. അത് പുതിയ കാഴ്ചകളെ അവർക്ക് സമ്മാനിക്കുന്നുമുണ്ട്.

1964 മുതലാണ് നവംബർ 14 ശിശുദിനമായി മാറിയത്. നെഹ്റുവിന്റെ മരണാനന്തരം ആഘോഷിക്കാൻ തുടങ്ങിയ അദ്ദേഹത്തിന്റെ ജന്മദിനമാണത്. കുട്ടികൾ നാളത്തെ ഇന്ത്യയുടെ വാഗ്ദാനങ്ങളാണ്. ഈ രാജ്യത്തിന്റെ ഭാവി... നാം എങ്ങനെ കുട്ടികളെ വളർത്തുന്നു എന്നത് അനുസരിച്ചിരിക്കുമെന്നും നെഹ്റു പറഞ്ഞു.


നെഹ്റുവിയൻ സ്വപ്നകാലത്തിലേക്ക് തിരിച്ചുപോകാനാകാത്ത തരത്തിൽ ലോകക്രമവും നവഭാരതവും മാറി. എങ്കിലും ശാസ്ത്രബോധത്തോടെ വിശ്വ മാനവികതയെ തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരണമെന്നാണ് നെഹ്റുവിന്റെ ഓരോ ജന്മദിനവും ഓർമിപ്പിക്കുന്നത്. ഭാവിയുടെ പ്രതീക്ഷകളായ കുരുന്നുകളെ കെെപിടിച്ചു നടത്താനുള്ള ആലോചനകളുടെ ദിനമാണിത്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും ശിശുദിനം ഓർമപ്പെടുത്തുന്നു.

SCROLL FOR NEXT