NEWSROOM

അനധികൃത മത്സ്യബന്ധനത്തിന് എത്തിയ തായ്‌വാൻ ബോട്ട് ചൈന പിടിച്ചെടുത്തു

പ്രദേശങ്ങൾ മുഴുവൻ ചൈനയുടെ അധീനതയിൽ ആണെന്നുള്ള അവകാശ വാദം നിലനിൽക്കുന്നതിനാൽ ചൈന അവരുടെ പ്രതിരോധം കടുപ്പിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

ചൈനീസ് സമുദ്രാതിർത്തിയിൽ അനധികൃതമായി മത്സ്യ ബന്ധനം നടത്തിയതിന് അഞ്ച് ജീവനക്കാരുൾപ്പെടെ തായ്‌വാൻ ബോട്ട് പിടിച്ചെടുത്തു. പിടിച്ചെടുത്തവരെ മോചിപ്പിക്കാൻ തായ്‌വാൻ ചൈനയോട് ആവശ്യപ്പെട്ടു. ബോട്ട് ചൈനയുടെ സമുദ്രാതിർത്തിയിൽ നിന്ന് 2.8 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് പിടിച്ചെടുത്തതെന്ന് തായ്‌വാൻ വിശദീകരിച്ചു.

എന്നാൽ മത്സ്യബന്ധന ബോട്ടുകൾ ചട്ടം ലംഘിച്ചുവെന്നും നിരോധിത മേഖലയിലേക്ക് അനധികൃതമായി പ്രവേശിച്ചുവെന്നുമാണ് ചൈനയുടെ വാദം. തെറ്റായ മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുകയും സമുദ്ര മത്സ്യസമ്പത്തിൽ നാശമുണ്ടാക്കുകയും ചെയ്‌തതായും കൂട്ടിച്ചേർത്തു. എന്നാൽ ഈ ആരോപണത്തെ സംബന്ധിച്ച് തായ്‌വാൻ ഇതു വരെ പ്രതികരിച്ചിട്ടില്ല. തർക്കം നിലനിൽക്കുന്ന മേഖലയിൽ മുമ്പും സമാന പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.

2003 മുതൽ തായ്‌വാൻ രജിസ്റ്റർ ചെയ്ത 17 കപ്പലുകൾ ചൈനീസ് അധികൃതർ പിടിച്ചെടുക്കുകയും തടങ്കലിൽ വെക്കുകയും ചെയ്തിട്ടുള്ളതായി തായ്‌വാൻ അറിയിച്ചു. ഈ വർഷം ചൈനയിൽ നിന്നുള്ള അഞ്ച് ബോട്ടുകൾ തായ്‌വാനും പിടിച്ചെടുത്തിരുന്നു. നാൽപ്പതിലേറെ ബോട്ടുകൾ ആ സമയത്ത് കടലിൽ ഉണ്ടായിരുന്നെങ്കിലും തായ്‌വാനെ മാത്രം ലക്ഷ്യം വെച്ചു കൊണ്ടാണ് അക്രമം നടത്തിയതെന്ന് അവർ ആരോപിച്ചു. പ്രദേശങ്ങൾ മുഴുവൻ ചൈനയുടെ അധീനതയിൽ ആണെന്നുള്ള അവകാശവാദം നിലനിൽക്കുന്നതിനാൽ ചൈന അവരുടെ പ്രതിരോധം കടുപ്പിക്കുകയാണ് .

SCROLL FOR NEXT