ഷി ജിന്‍പിങ്, ഡൊണാള്‍ഡ് ട്രംപ് 
NEWSROOM

"പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും"; യുഎസിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ചൈന

താരിഫുമായി ബന്ധപ്പെട്ട് യുഎസുമായി പല രാജ്യങ്ങളും ഉഭയകക്ഷി ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ

Author : ന്യൂസ് ഡെസ്ക്

യുഎസുമായി വിശാലമായ വ്യാപാര കരാറുകൾക്ക് തയ്യാറാകുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ചൈന. ഇത്തരത്തിൽ വ്യാപാര കരാറുകൾ രൂപീകരിക്കുന്ന രാജ്യങ്ങൾ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയം അറിയിച്ചു. തീരുവകൾ യുഎസ് ദുരുപയോ​ഗം ചെയ്യുന്നു എന്ന ആരോപണത്തിനു പിന്നാലെയാണ് ചൈനയുടെ മുന്നറിയിപ്പ്.



താരിഫുമായി ബന്ധപ്പെട്ട് യുഎസുമായി പല രാജ്യങ്ങളും ഉഭയകക്ഷി ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവകളെക്കുറിച്ച് ചർച്ച ചെയ്യാൻ ഏകദേശം 50 രാജ്യങ്ങൾ തന്നെ സമീപിച്ചതായി ഈ മാസം ആദ്യം യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ പറഞ്ഞിരുന്നു. യുഎസുമായി നടന്ന ചർച്ചകളുടെ ഭാ​ഗമായാണ് രാജ്യത്തേക്കുള്ള സോയാബീൻ, അരി എന്നിവയുടെ ഇറക്കുമതി വർധിപ്പിക്കുന്നത് ജപ്പാൻ പരി​ഗണിച്ചത്. യുഎസിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെയും ചരക്കുകളുടെയും ഇറക്കുമതി വർധിപ്പിക്കാനും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഓർഡറുകൾ കുറയ്ക്കാനുമാണ് ഇന്തോനേഷ്യയുടെ പദ്ധതി.



യുഎസിന്റെ സാമ്പത്തിക ഉപരോധം നീക്കുന്നതിനോ, തിരിച്ചടി താരിഫുകളിൽ ഇളവകളോ തേടുന്ന രാജ്യങ്ങളോട് ചൈനയുമായുള്ള വ്യാപാരം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം സമ്മ​ർദം ചെലുത്തുന്നുവെന്ന് ബ്ലൂംബർ​ഗ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിനോട് പ്രതികരിക്കുമ്പോഴാണ് ചൈനീസ് വ്യാപാര മന്ത്രാലയം യുഎസുമായി വ്യാപാര ബന്ധങ്ങളിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ഏപ്രിൽ രണ്ടിന്, ചൈനയൊഴിച്ചുള്ള രാജ്യങ്ങളുടെ മേൽ ചുമത്തിയ ഇറക്കുമതി ചുങ്കത്തിൽ ഡൊണാൾഡ് ട്രംപ് ഇളവ് പ്രഖ്യാപിച്ചിരുന്നു. സ്വന്തം അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ചൈന ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും രാജ്യം അതിന് പ്രാപ്തമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ട്രംപുമായി താരിഫ് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുമായും ഐക്യദാർഢ്യം ശക്തിപ്പെടുത്താൻ തയ്യാറാണെന്നും വ്യവസായ മന്ത്രാലയം അറിയിച്ചു.

ഈ ആഴ്ച തന്നെ, ഐക്യരാഷ്ട്ര സഭയുടെ അനൗദ്യോ​ഗികമായ സെക്യൂരിറ്റി കൗൺസിൽ മീറ്റിങ് വാഷിങ്ടണിൽ വിളിച്ചുചേർക്കാനും ചൈന തീരുമാനിച്ചിട്ടുണ്ട്. നികുതികൾ ആയുധമാക്കി ഭീഷണിപ്പെടുത്തുകയും സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള ആഗോള ശ്രമങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുകയും ചെയ്യുന്നതാണ് യുഎസിന്റെ നയങ്ങൾ എന്ന് ആരോപിച്ചാണ് ചൈനയുടെ നീക്കം.


ജനുവരിയില്‍ യുഎസ് പ്രസിഡന്റായി അധികാരം ഏറ്റെടുത്തതിന് ശേഷം ഇതുവരെ ചൈനയ്‌ക്കെതിരെ അഞ്ചിരട്ടി തീരുവ വര്‍ധനയാണ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. പത്ത് ശതമാനം വീതമായിരുന്നു ആദ്യ രണ്ട് വര്‍ധനകള്‍. എടുത്തുചാടി ഈ പ്രഖ്യാപനത്തോട് പ്രതികരിക്കാതെ അളന്നുമുറിച്ച സമീപനമാണ് ചൈന സ്വീകരിച്ചത്. 20 ശതമാനം താരിഫ് വർധനയില്‍ യുഎസ് നിർത്തിയില്ല. അടുത്ത ഘട്ടമായി, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 34 ശതമാനം തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചു. ഇത്തവണ ചൈന അതേ നാണയത്തില്‍ ട്രംപിനോട് പ്രതികരിച്ചു. യുഎസിനു മേല്‍ 34 ശതമാനം തീരുവ ചുമത്തിയായിരുന്നു ചൈനയുടെ തിരിച്ചടി. വിവിധ യുഎസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും നിര്‍ണായക ധാതു കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ചൈനീസ് വാണിജ്യമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു. ചൈനയുടെ നടപടിക്ക് മറുപടിയായി യുഎസ് 50 ശതമാനം അധിക തീരുവ കൂടി ചുമത്തി. ഇതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മുകളിലുള്ള നികുതി 104 ശതമാനമായി ഉയര്‍ന്നു. മുൻപ് നിലനിന്നിരുന്ന ലെവികൾ കൂടി കണക്കാക്കുമ്പോൾ ചില ചൈനീസ് ഉൽപ്പന്നങ്ങളുടെ തീരുവ 245 ശതമാനം വരെ എത്തിയേക്കും. യുഎസിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം നികുതി ചുമത്തിയാണ് ചൈന തിരിച്ചടിച്ചത്.

വ്യാപാരയുദ്ധത്തിൽ അവസാനം വരെ പിന്നോട്ടില്ലെന്നാണ് ചൈനയുടെ പ്രഖ്യാപിത നിലപാട്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യുദ്ധം ആഗോള സാമ്പത്തിക വിപണികളിൽ വലിയ കയറ്റിറക്കങ്ങളാണ് സൃഷ്ടിക്കുന്നത്. തിങ്കളാഴ്ചത്തെ വ്യാപാര മന്ത്രാലയത്തിന്റെ പ്രസ്താവനയോട് ചൈനീസ് ഓഹരി വിപണിയിൽ നേരിയ വർ‌ധന രേഖപ്പെടുത്തിയിരുന്നു. എന്നാൽ പൊതുവേ ജാഗ്രതയോടെയാണ് നിക്ഷേപകർ ചൈനീസ് വിപണിയിൽ ഇടപാടുകൾ നടത്തുന്നത്. സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന നൂതന സെമി കണ്ടക്ടർ ചിപ്പുകൾ വികസിപ്പിക്കുന്നതിൽ ചൈനയുടെ പുരോഗതി തടയാനും ട്രംപ് ഭരണകൂടം ശ്രമിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച, ചൈന നിർമിച്ച കപ്പലുകൾക്ക് തുറമുഖ ഫീസ് ഏർപ്പെടുത്തി കപ്പൽനിർമാണത്തിൽ ചൈനയുടെ ആധിപത്യം പരിമിതപ്പെടുത്തുന്നതിനും യുഎസ് ശ്രമിച്ചിരുന്നു.

SCROLL FOR NEXT