NEWSROOM

അധിനിവേശത്തിനെതിരെ ചെറുത്തു നിൽപ്പ് തുടരുന്ന തായ്‌വാന് സൈനിക അഭ്യാസത്തിലൂടെ മുന്നറിയിപ്പുമായി ചൈന

തായ്‌വാന്‍റെ ജനാധിപത്യഭരണത്തിലും പരമാധികാരത്തിലും കൈ കടത്താനുള്ള കടത്താനുള്ള ചൈനയുടെ ശ്രമത്തെ ചെറുക്കുമെന്ന തായ്‌വാന്‍ പ്രസിഡന്‍റ് വില്യം ലായിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ചൈനയുടെ മുന്നറിയിപ്പ്

Author : ന്യൂസ് ഡെസ്ക്

അധിനിവേശത്തിനെതിരെ ചെറുത്തു നിൽപ്പ് തുടരുന്ന തായ്‌വാന് സൈനിക അഭ്യാസത്തിലൂടെ മുന്നറിയിപ്പുമായി ചൈന. തായ്‌വാൻ തീരത്തെ വിവിധ മേഖലകളിലായി പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 34 നാവിക കപ്പലുകളും 125 വിമാനങ്ങളും അടങ്ങിയ സൈനികാഭ്യാസത്തിന്‍റെ വിവരം തായ്‌വാൻ സ്ഥിരീകരിച്ചു.

തായ്‌വാന്‍റെ ജനാധിപത്യഭരണത്തിലും പരമാധികാരത്തിലും കൈ കടത്താനുള്ള ചൈനയുടെ ശ്രമത്തെ ചെറുക്കുമെന്ന പ്രസിഡന്‍റ് വില്യം ലായിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ചൈനയുടെ നീക്കം.

ചൈനീസ് ഔദ്യോഗിക മാധ്യമം പുറത്തുവിട്ട സൈനികാഭ്യാസത്തിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങളനുസരിച്ച്, തായ്‌വാനെ പൂർണ്ണമായി വളഞ്ഞുള്ള സംയുക്ത സൈനിക നടപടിയാണ് ചൈന നടത്തിയത്. നടപടിയുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയതായും ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുന്നതിനാണ് മുന്‍ഗണനയെന്നും തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

2022 മുതൽ തായ്‌വാൻ തീരത്ത് സൈനികാഭ്യാസങ്ങൾ നടത്തിവരുന്ന ചൈന, പലതവണ വ്യോമാതിർത്തി ലംഘിച്ച് തായ്‌വാനിലേക്ക് പ്രവേശിച്ചിട്ടുമുണ്ട്. ഇതിന്‍റെ തുടർച്ചയായി നടത്തിയ തിങ്കളാഴ്ചത്തെ സൈനിക നീക്കത്തെ ബീജിംഗ് ജോയിൻ്റ് വാൾ 2024-ബി എന്നാണ് ചൈന വിശേഷിപ്പിച്ചിരിക്കുന്നത്. തായ്‌വാന്‍റെ സ്വയംഭരണാവകാശത്തെ ഏതുനിമിഷവും സൈനികമായി അട്ടിമറിക്കുമെന്ന ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങിന്‍റെ മുന്നറിയിപ്പായാണ് പുതിയ നീക്കം കണക്കാക്കപ്പെടുന്നത്.  ചൈനയുടെ നടപടിയെ അമേരിക്ക അപലപിച്ചിട്ടുണ്ട്.

SCROLL FOR NEXT