NEWSROOM

ഭരണകൂടത്തിനെതിരായ അട്ടിമറി; ചൈനയിൽ മീ ടൂ ആക്ടിവിസ്റ്റിന് അഞ്ച് വർഷം തടവ് ശിക്ഷ

1000 ദിവസത്തോളം ഹുവാങ്ങിനെ തടങ്കലിൽ പാർപ്പിച്ചതിന് ശേഷമാണ് ഗ്വാങ്‌ഷോ ഇൻ്റർമീഡിയറ്റ് കോടതി വിധി പ്രസ്താവിച്ചത്

Author : ന്യൂസ് ഡെസ്ക്

ഭരണകൂടത്തിനെതിരായി അട്ടിമറി നടത്തി എന്ന കുറ്റത്തിന് ചൈനയിലെ പ്രമുഖ വനിതാ മീ ടൂ ആക്ടിവിസ്റ്റിനെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചു. ലൈംഗിക അതിക്രമത്തിന് ഇരയായവരെ കുറിച്ചെഴുതുന്ന ചൈനയിലെ #MeToo സ്‌പെയ്‌സിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ശബ്ദമായ സോഫിയ ഹുവാങ് സ്യൂക്കിനെയാണ് ചൈനീസ് കോടതി ശിക്ഷിച്ചത്. 1000 ദിവസത്തോളം ഹുവാങ്ങിനെ തടങ്കലിൽ പാർപ്പിച്ചതിന് ശേഷമാണ് തെക്കൻ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഗ്വാങ്‌ഷോ ഇൻ്റർമീഡിയറ്റ് കോടതി വിധി പ്രസ്താവിച്ചത്. ഇവർക്കൊപ്പം വിചാരണ നേരിട്ട ലേബർ ആക്ടിവിസ്റ്റ് വാങ് ജിയാൻബിംഗിനെയും മൂന്നര വർഷം തടവിന് ശിക്ഷിച്ചു.

കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ ഹുവാങിന് പരമാവധി ശിക്ഷ നൽകുമെന്നും, നാല് വർഷത്തേക്ക് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്നും കോടതി വിധിച്ചു. 2021 സെപ്തംബറിൽ ഗുവാങ്ഷൗവിൽ വെച്ചാണ് ഇരുവരും അറസ്റ്റിലായത്. 2018 മുതൽ ഹുവാങ് തൻ്റെ സ്വകാര്യ ബ്ലോഗിൽ സാമൂഹിക വിഷയങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. ചൈനീസ് ഭാഷാ ഔട്ട്‌ലെറ്റുകളായ സിൻക്വായിബാവോ, സതേൺ മെട്രോപോളിസ് വീക്കിലി എന്നിവയുടെ അന്വേഷണാത്മക റിപ്പോർട്ടറായും ഹുവാങ് പ്രവർത്തിച്ചിട്ടുണ്ട്. ചൈനീസ് ന്യൂസ് റൂമുകളിൽ താൻ നേരിട്ട സ്ത്രീവിരുദ്ധതയെക്കുറിച്ചും ലിംഗവിവേചനത്തെക്കുറിച്ചും അവർ സംസാരിച്ചിരുന്നു. സഹപ്രവർത്തകരുമായുള്ള ഗൂഢാലോചന, ഓൺലൈൻ ഹ്യൂമൻ റൈറ്സ് എഡ്യൂക്കേഷനിലെ പങ്കാളിത്തം തുടങ്ങിയവ കണക്കിലെടുത്താണ് നടപടി.

വിധിക്കെതിരെ താൻ അപ്പീൽ നൽകുമെന്ന് 35 കാരിയായ ഹുവാങ് അറിയിച്ചു. അതേസമയം മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഉയർന്നു വരുന്ന ആക്ടിവിസ്റ്റുകളെ ചൈനീസ് സർക്കാർ ഭയപ്പെടുന്നുവെന്നും, മീ ടൂ ആക്ടിവിസം ലോകമെമ്പാടുമുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവരെ ശാക്തീകരിച്ചപ്പോൾ ചൈനീസ് അധികാരികൾ അതിനെ ഇല്ലാതാക്കി എന്നും ഹുവാങ് അനുയായികൾ പറഞ്ഞു.

SCROLL FOR NEXT