NEWSROOM

മാന്ദ്യഭീതിയില്‍ ചെെനീസ് സമ്പദ്‌വ്യവസ്ഥ; ജിഡിപി വളർച്ച അഞ്ച് ശതമാനത്തില്‍ താഴെ

ചില്ലറ വില്‍പ്പനയില്‍ വലിയ ഇടിവുണ്ടായതോടെ, ഭക്ഷ്യവസ്തുക്കളുടെ മുതല്‍ ആഡംബര കാറുകളുടെ വരെ വില കുറയ്ക്കാന്‍ നിർബന്ധിതരായിരിക്കുകയാണ് ചെെനീസ് കമ്പനികള്‍

Author : ന്യൂസ് ഡെസ്ക്

ചെെനയില്‍ സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തില്‍ കിതച്ച് ജിഡിപി. ഉത്പാദനവും ഉപഭോഗവും പ്രതിസന്ധിയിലായത് വ്യക്തികള്‍ക്കും വ്യവസായങ്ങള്‍ക്കും ഒരുപോലെ തിരിച്ചടിയായിട്ടുണ്ട്. കൊവിഡാനന്തരം അരക്ഷിതമായ ചെെനീസ് സമ്പദ്‌വ്യവ്സ്ഥ കൂടുതല്‍ മന്ദതയിലേക്ക് പോകുന്നു എന്ന് വ്യക്തമാക്കുന്നതാണ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പകുതിയായ ഏപ്രില്‍, ജൂണ്‍ മാസങ്ങളിലെ കണക്കുകള്‍.

കഴിഞ്ഞ വർഷം 5.3 ശതമാനത്തില്‍ എത്തിയ ജിഡിപി വളർച്ച ഇത്തവണ 5.1 ശതമാനത്തിലേക്ക് താഴുമെന്നായിരുന്നു സാമ്പത്തിക വിദഗ്ദരുടെ പ്രവചനം. എന്നാല്‍, പ്രവചനത്തെ മറികടന്ന് 4.7 ശതമാനത്തിലേക്ക് താഴ്ന്നു. ഉപഭോക്തൃ മേഖലയിലാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. ചില്ലറ വില്‍പ്പനയില്‍ വലിയ ഇടിവുണ്ടായതോടെ, ഭക്ഷ്യവസ്തുക്കളുടെ മുതല്‍ ആഡംബര കാറുകളുടെ വരെ വില കുറയ്ക്കാന്‍ നിർബന്ധിതരായിരിക്കുകയാണ് ചെെനീസ് കമ്പനികള്‍.

കഴിഞ്ഞ 18 മാസത്തിലെ ഏറ്റവും രൂക്ഷമായ നിലയിലേക്ക് പണപ്പെരുപ്പം എത്തി. ഓഹരി വിപണയിലെ തിരിച്ചടി കൂടിയായതോടെ ഉത്പാദനം വെട്ടിക്കുറയ്‌ക്കേണ്ടി വന്നു. ജീവനക്കാരെ വൻതോതിൽ പിരിച്ചുവിടുകയും, വേതന വർധനവ് നിർത്തിവെയ്ക്കുകയും ചെയ്തതോടെ വ്യക്തിഗത ചിലവും പ്രതിസന്ധിയിലാണ്.

പ്രധാന സാമ്പത്തിക ഉത്തേജക മേഖലയായ റിയല്‍ എസ്റ്റേറ്റിലെ തിരിച്ചടിയും, പ്രമുഖ വ്യവസായ മേഖലകളിലെ ജപ്തി ഭീഷണിയും മൂലം ജപ്പാന് സമാനമായ സാമ്പത്തിക തളർച്ചയിലേക്കാണ് ചെെനയും നീങ്ങുന്നതെന്നാണ് സാമ്പത്തിക നിരീക്ഷകർ കരുതുന്നത്.

SCROLL FOR NEXT