കുട്ടികളുടെ രാജ്യാന്തര ദത്തെടുക്കൽ പദ്ധതി അവസാനിപ്പിച്ച് ചൈനീസ് ഗവൺമെൻ്റ്. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ വക്താവ് മാവോ നിംഗ് ആണ് പുതിയ തീരുമാനം അറിയിച്ചത്. രാജ്യത്തുള്ള കുട്ടികളെ രാജ്യാന്തര ദത്തെടുക്കലിന് ഇനിമുതൽ അനുവദിക്കില്ലെന്നും എന്നാൽ രക്തബന്ധമുള്ളവർക്കോ, ഭാര്യയ്‌ക്കോ, ഭർത്താവിനോ മുൻ ബന്ധത്തിലുണ്ടായ കുട്ടിയെ ദത്തെടുക്കുന്നതിനും നിയമ പ്രശ്നങ്ങൾ ഇല്ല എന്നും മാവോ നിംഗ് അറിയിച്ചു.
അതേസമയം ഇതുവരെ തീർപ്പുകൽപ്പിക്കാത്ത നൂറുകണക്കിന് അപേക്ഷകളാണ് ഉള്ളതെന്നും, ഇത് നൽകിയ അമേരിക്കൻ കുടുംബങ്ങളെ ഈ തീരുമാനം എങ്ങനെ ബാധിക്കുമെന്നതിൽ വ്യക്തത വേണമെന്നും യുഎസ് അറിയിച്ചു. എന്നാൽ അന്താരാഷ്‌ട്ര കൺവെൻഷനുകൾക്ക് അനുസൃതമായി ആണ് തീരുമാനമെന്ന് പറഞ്ഞതല്ലാതെ മറ്റ് വിശദീകരണങ്ങളൊന്നും മാവോ നിംഗ് നൽകിയില്ല എന്നാണ് റിപ്പോർട്ട്.
ALSO READ: അമേരിക്കൻ ഉത്പന്നങ്ങളുടെ ബഹിഷ്കരണം; ഗാസ യുദ്ധത്തിന് പിന്നാലെ കൊക്കക്കോള, പെപ്സി വിൽപനയിൽ വൻ ഇടിവ്
നൂറുകണക്കിന് കുടുംബങ്ങൾ ഇപ്പോഴും ദത്തെടുക്കൽ പൂർത്തിയാകാത്തതായി ഉണ്ട്. അവരുടെ അവസ്ഥയിൽ സഹതപിക്കുന്നതായും യുഎസ് വ്യക്തമാക്കി. എന്നാൽ ഒരു ഘട്ടത്തിലും കേസുകൾ പ്രോസസ്സ് ചെയ്യുന്നത് തുടരില്ല എന്ന് ബീജിംഗ് അറിയിച്ചതായും, തീരുമാനത്തിൽ ചൈനയുടെ സിവിൽ കാര്യ മന്ത്രാലയത്തിൽ നിന്ന് എംബസി രേഖാമൂലം വിശദീകരണം തേടുകയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു.
യുഎസ് കുടുംബങ്ങൾ ചൈനയിൽ നിന്ന് 82,674 കുട്ടികളെയാണ് ഇത് വരെ ദത്തെടുത്തിട്ടുള്ളത്. കോവിഡ് -19 പാൻഡെമിക് ചൈന അന്താരാഷ്ട്ര ദത്തെടുക്കലുകൾ നിർത്തിവച്ചിരുന്നു. 2020-ൽ ഇത് പുനരാരംഭിക്കുകയും ചെയ്തു. അതേസമയം രാജ്യത്ത് ജനനനിരക്ക് കുറഞ്ഞതാണ് ബീജിംഗിൻ്റെ പ്രഖ്യാപനത്തിന്റെ പിന്നിൽ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.