NEWSROOM

ട്രംപിന്‍റെ ഡാറ്റകള്‍ ചോർത്തിയ ചൈനീസ് ഹാക്കർമാർ; എന്താണ് 'സോള്‍ട്ട് ടൈഫൂണ്‍'?

ഡാറ്റാ ചോർച്ചയുടെ സ്വഭാവവും വ്യാപ്തിയും പരിശോധിച്ചുവരികയാണെന്ന് യുഎസ് ഫെഡറൽ ഏജൻസി വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകളില്‍ മുഴുവന്‍ ഇപ്പോള്‍ ഹാക്കർമാരാണ് ഇടംപിടിച്ചിരിക്കുന്നത്.  ഡൊണാള്‍ഡ് ട്രംപിന്‍റെ ക്യാംപില്‍ നിന്ന് ഇറാനിയന്‍ ഹാക്കര്‍മാര്‍ രഹസ്യ വിവരങ്ങള്‍ ചേർത്തിയെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. അതിനു പിന്നാലെ വന്‍ തോതിലുള്ള ഡാറ്റകള്‍ ചൈനീസ് ഹാക്കർമാർ ചോർത്തിയെന്ന റിപ്പോർട്ടുകള്‍ വന്നു. റിപ്പബ്ലിക്കന്‍ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ജെ.ഡി. വാന്‍സ് എന്നിവരടക്കമുള്ളവരെയാണ് ഹാക്കർമാർ ലക്ഷ്യംവെച്ചത്. 'സോൾട്ട് ടൈഫൂൺ' എന്നറിയപ്പെടുന്ന ചൈനീസ് സൈബർ ചാരസംഘമാണ് ഈ സങ്കീർണ്ണമായ ഹാക്കിങ് ശ്രമങ്ങള്‍ക്ക് പിന്നില്‍. സ്ഥാനാർഥികളുടെ ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറി സുപ്രധാന വിവരങ്ങള്‍ ഹാക്കർമാർ ശേഖരിച്ചുവെന്നാണ് ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ട്.

റിപ്പോർട്ടുകള്‍ പ്രകാരം, ട്രംപിന്‍റെ എതിരാളികളായ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർഥി കമല ഹാരിസ്, വൈസ് പ്രസിഡന്‍റ് ടിം വാള്‍ട്സ് എന്നിവരെയും ഹാക്കർമാർ ലക്ഷ്യംവെച്ചിരുന്നു. എന്തു തരം ഡാറ്റകളാണ് ഹാക്കർമാർ ശേഖരിച്ചത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. 

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ വെരിസോണിന്‍റെ നെറ്റ്‌വർക്കുകള്‍ അടക്കം ഹാക്ക് ചെയ്ത നീക്കം ചൈനയുടെ രഹസ്യാന്വേഷണ വിവര ശേഖരണത്തിന്‍റെ ബൃഹത്തായ പദ്ധതിയാണ്. തന്ത്രപ്രധാനമായ ആശയവിനിമയങ്ങൾ എക്‌സ്‌ട്രാക്‌റ്റു ചെയ്യുന്നതിൽ ഹാക്കർമാർ വിജയിച്ചോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ഡാറ്റാ ചോർച്ചയുടെ സ്വഭാവവും വ്യാപ്തിയും പരിശോധിച്ചുവരികയാണെന്ന് യുഎസ് ഫെഡറൽ ഏജൻസി വ്യക്തമാക്കി.

Also Read: അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരികെ അയച്ച് യുഎസ്; നടപടി ഇന്ത്യ സർക്കാരുമായി സഹകരിച്ച്

എന്താണ് സോള്‍ട്ട് ടൈഫൂണ്‍?

ചൈനീസ് ഹാക്കർമാരുടെ സംഘത്തിനു മൈക്രോസോഫ്റ്റിൻ്റെ സൈബർ സെക്യൂരിറ്റി ടീം നല്‍കിയ പേരാണ് 'സോൾട്ട് ടൈഫൂൺ'. ചൈനീസ് ഹാക്കർ ഗ്രൂപ്പുകളെ 'ടൈഫൂൺ' എന്ന് വിശേഷിപ്പിക്കുമ്പോള്‍ ഇറാനിയൻ ഹാക്കർമാരെ 'സാന്‍ഡ്സ്റ്റോം' എന്നും റഷ്യൻ സൈബർ പോരാളികളെ 'ബ്ലിസാർഡ്' എന്നുമാണ് മൈക്രോസോഫ്റ്റ് വിളിക്കുന്നത്.  ചൈനീസ് ഹാക്കർമാർ കൗണ്ടർ ഇൻ്റലിജൻസ് മേഖലയില്‍ വൈദഗ്ധ്യമുള്ളവരാണെന്നാണ് 'സോള്‍ട്ട്' എന്ന പദം സൂചിപ്പിക്കുന്നത്. സാധാരണ ഹാക്കർ സംഘങ്ങള്‍ കോർപ്പറേറ്റ് ഡാറ്റ മോഷണവും സാമ്പത്തിക തട്ടിപ്പും നടത്തുകയാണ് പതിവ്.

യുഎസില്‍ നിർണായകമായ രാഷ്ട്രീയ സാഹചര്യങ്ങളുണ്ടാകുമ്പോള്‍ പ്രമുഖരുടെ ആസ്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയെ സംബന്ധിക്കുന്ന നിർണായക വിവരങ്ങള്‍ ചോർത്തുന്നതാണ് സോള്‍ട്ട് ടൈഫൂണിന്‍റെ രീതി. ഇത്തരം സാഹചര്യങ്ങളില്‍, ഉന്നത രാഷ്ട്രീയ നേതാക്കളുടെയും അവരുടെ സ്റ്റാഫുകളുടെയും ഫോണുകള്‍ ചോർത്തിയാണ് ഇവർ വിവരങ്ങള്‍ ശേഖരിക്കുക. സർക്കാരുമായി ബന്ധമുള്ള പ്രമുഖ വ്യക്തികളുടെയും ഫോണ്‍ ഹാക്കർമാർ ചോർത്താറുണ്ട്.

Also Read: ട്രംപിനെ വിടാതെ 'ഹാക്കര്‍ റോബര്‍ട്ട്'; പിന്നില്‍ മൂന്നംഗ ഇറാനിയന്‍ സംഘം?

സോൾട്ട് ടൈഫൂണിന്‍റെ ഹാക്കിങ്ങിന്‍റെ വ്യാപ്തി വിലയിരുത്തുന്നതിനുള്ള പ്രാരംഭ ഘട്ടത്തിലാണ് യുഎസ് ഉദ്യോഗസ്ഥർ. എഫ്ബിഐ, സൈബർ സുരക്ഷ - ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസി (സിഐഎസ്എ) എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഹാക്കിങ്ങിലൂടെ സോള്‍ട്ട് ടൈഫൂണിന് നിർണായക മെറ്റാഡാറ്റ ലഭിച്ചിരിക്കാമെന്നതാണ് അന്വേഷണ സംഘത്തിന്‍റെ പ്രധാന ആശങ്ക. മെറ്റാഡാറ്റ ഉപയോഗിച്ച് ഇവർക്ക് യുഎസ് ഇന്‍റലിജന്‍സ് സംവിധാനത്തിന്‍റെ സുപ്രധാന വിവരങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. ഉദാഹരണത്തിന് തന്ത്രപരമായ ചർച്ചകൾ, ആശയവിനിമയ ചാനലുകളിലെ സുരക്ഷാ വീഴ്ചകൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ഇതു വഴി ഹാക്കർമാർക്ക് ലഭിക്കും. യുഎസിന്‍റെ നയതന്ത്ര നീക്കങ്ങള്‍, പ്രതിരോധ സംവിധാനം എന്നിവയെപ്പറ്റി പഠിക്കാനായിരിക്കും ചൈനീസ് രഹസ്യാന്വേഷണ വിഭാഗം ഈ ഡാറ്റ ഉപയോഗിക്കുക. 

SCROLL FOR NEXT