NEWSROOM

വിൽപ്പന നടത്തിയ വീടിൻ്റെ ബേസ്മെൻ്റിൽ രഹസ്യമായി താമസം; എഴു വർഷത്തിനു ശേഷം കള്ളി പുറത്തായി, വീട് മാത്രമാണ് വിറ്റത് ബേസ്മെൻ്റല്ലെന്ന് മുൻ ഉടമ

വാതിൽ തുറന്ന ലീ ഒരു നിലവറയിലേക്കാണ് എത്തിയത്. വെൻ്റിലേഷൻ സംവിധാനവും ലൈറ്റിംഗും ചെറിയ ബാറും ഉൾപ്പെടെ വിശാലമായ ഇടം. ആരോ ഒരാൾ അവിടെ താമസിക്കുന്നതായും ലീ മനസിലാക്കി. പിന്നീട് വീടിൻ്റെ മുൻ ഉടമെയെ വിളിച്ചു. എന്നാൽ അവിടെയാണ് ലീ കൂടുതൽ ഞെട്ടിയത്.

Author : ന്യൂസ് ഡെസ്ക്

ഓസ്കർ പുരസ്കാരം നേടിയ പാരസൈറ്റ് എന്ന സിനിമയെക്കുറിച്ച് ഭൂരിഭാഗം പേരും കേട്ടുകാണും.ഒരു വീട്ടിൽ പല തരത്തിൽ നുഴഞ്ഞു കയറുന്ന മറ്റൊരു കുടുംബം, അതും പോരാഞ്ഞ് വീട്ടുകാർ പോലും അറിയാതെ ബേസ്മെൻ്റിൽ താമസിക്കുന്ന മറ്റു ചിലർ. ആകെ ആശയക്കുഴപ്പത്തിലാക്കുന്ന ചിത്രം . അതെ അതുപോലൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുകയാണ് ഇപ്പോൾ ചൈനയിൽ.


വിൽപ്പന നടത്തിയ വീടിന്റെ ബേസ്മെന്റിനുള്ളിൽ ആരും അറിയാതെ മുൻ ഉടമ ഏഴുവർഷം താമസിച്ചു. കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിൽ നിന്നുള്ള ലി എന്ന വ്യക്തിയാണ് ഈ നടക്കുന്ന സത്യം കണ്ടെത്തിത്. കഴിഞ്ഞ ഏഴു വർഷമായി തൻ്റെ വീടിന്റെ ബേസ്മെന്റിനുള്ളിൽ മുൻ ഉടമ രഹസ്യമായി താമസിക്കുന്ന വിവരം അയാൾക്ക് ആദ്യം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.


സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് പ്രകാരം 2018 -ലാണ് ലീ ഏകദേശം 2 ദശലക്ഷം യുവാൻ (US$270,000) നൽകി വീട് വാങ്ങിയത്.എഴുവർഷമായി ഇയാൾ കുടുംബ സമേതം അവിടെ താമസിച്ചു വരികയാണ്. അടുത്തിടെ വീടിൻറെ ചുറ്റുവട്ടം വൃത്തിയാക്കുന്നതിനിടയിലാണ് ​ഗോവണിപ്പടിക്ക് പിന്നിലായി മറഞ്ഞിരിക്കുന്ന ഒരു രഹസ്യവാതിൽ ലീ കണ്ടത്. ഇതുവരെ അങ്ങനെയൊരു വാതിൽ അയാൾ ശ്രദ്ധിച്ചില്ലായിരുന്നു.

വാതിൽ തുറന്ന ലീ ഒരു നിലവറയിലേക്കാണ് എത്തിയത്. വെൻ്റിലേഷൻ സംവിധാനവും ലൈറ്റിംഗും ചെറിയ ബാറും ഉൾപ്പെടെ വിശാലമായ ഇടം. ആരോ ഒരാൾ അവിടെ താമസിക്കുന്നതായും ലീ മനസിലാക്കി. പിന്നീട് വീടിൻ്റെ മുൻ ഉടമെയെ വിളിച്ചു. എന്നാൽ അവിടെയാണ് ലീ കൂടുതൽ ഞെട്ടിയത്.


ഇത്തരത്തിൽ ഒരു ബേസ്‌മെന്റ് ഏരിയ വീടിനുള്ളിൽ ഉണ്ട് എന്ന കാര്യം തന്നോട് മറച്ചുവെച്ചത് എന്തുകൊണ്ടെന്ന് ലീ ചോദിച്ചു. മുൻ ഉടമ ഷാങ്ങിൻ്റെ മറുപടിയാകട്ടെ വിചിത്രവും. താൻ വിറ്റത് വീട് മാത്രമാണെന്നും ബേസ്മെന്‍റ് ഏരിയ വിൽക്കുന്നുണ്ടെന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല എന്നും ആയിരുന്നു അയാൾ പറഞ്ഞത്. അതുകൊണ്ടുതന്നെ ബേസ്‌മെന്റ് ഇപ്പോഴും തന്റെ ഉടമസ്ഥതയിൽ ആണെന്നും അയാൾ പറഞ്ഞു.

ഈ വിചിത്ര വാദമൊന്നും ലീ ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല, സംഭവം കേസാക്കുകയും ചെയ്തു. കോടതിയെ സമീപിച്ച ലീയ്ക്ക് അനുകൂലമായി കോടതി വിധി പുറപ്പെടുവിക്കുകയും ഷാങ്ങിനോട് ഏഴുവർഷം കബളിപ്പിച്ചതിന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തെന്നാണ് റിപ്പോർട്ട്.






SCROLL FOR NEXT