ഹൈക്കോടതി ഉത്തരവ് മറികടന്ന് കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയ ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ. ഇടുക്കി ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ ഉണ്ണിത്താനെയാണ് സസ്പെൻഡ് ചെയ്തത്. റവന്യു വകുപ്പ് സ്റ്റോപ്പ് മെമോ നൽകിയ കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയതിനെ തുടർന്ന് പ്രിൻസിപ്പൽ സെക്രട്ടറിയാണ് സസ്‍പെൻഡ് ചെയ്‌തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. മധുസൂദനൻ ഉണ്ണിത്താനോട് ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
2023 ലും ഈ വർഷം ആദ്യവുമാണ് നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ 57 കെട്ടിടങ്ങൾക്ക് റവന്യു വകുപ്പ് സ്റ്റോപ്പ് മെമോ നൽകിയത്. റവന്യു വകുപ്പിൻ്റെ നടപടി നേരിട്ട കെട്ടിടങ്ങളിൽ യാതൊരുവിധ പ്രവർത്തനങ്ങളും അനുവദിക്കരുതെന്ന് ഹൈക്കോടതി വിധിയുണ്ട്. ഈ വിധി മറികടന്നുള്ള നടപടിയാണ് ചിന്നക്കാനാൽ പഞ്ചായത്തിലുണ്ടായത്. പ്രവർത്തനാനുമതി നിഷേധിച്ച ചിന്നക്കനാൽ പഞ്ചായത്തിലെ എഴിൽ അഞ്ചു കെട്ടിടങ്ങൾക്കാണ് പഞ്ചായത്ത് സെക്രട്ടറി വീണ്ടും പ്രവർത്തനാനുമതി നൽകിയത്.
ALSO READ: "മതന്യൂനപക്ഷങ്ങളുടെ ഹൃദയത്തിൽ മുഖ്യമന്ത്രിയുടെ സ്ഥാനം ഇല്ലാതാക്കാൻ ഗൂഢശ്രമം, അൻവർ ഇതിലെ അവസാനകണ്ണി"
മുമ്പ് സ്റ്റോപ്പ് മെമോ നൽകിയ പഞ്ചായത്ത് സെക്രട്ടറി തന്നെയാണ് അവയ്ക്ക് വീണ്ടും പ്രവർത്തനാനുമതി നൽകിയതെന്നതാണ് വിരോധാഭാസം. ഹൈക്കോടതി വിധിയെപ്പറ്റി അറിവില്ലായിരുന്നുവെന്നാണ് നേരത്തെ പഞ്ചായത്ത് സെക്രട്ടറി നൽകിയ വിശദീകരണം.