NEWSROOM

ചിന്നക്കനാലിൽ കോടതി വിധി മറികടന്ന് കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി; പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധം

2023 ലും ഈ വർഷം ആദ്യവുമാണ് നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ 57 കെട്ടിടങ്ങൾക്ക് റവന്യു വകുപ്പ് സ്റ്റോപ്പ് മെമോ നൽകിയത്

Author : ന്യൂസ് ഡെസ്ക്

ഇടുക്കി ചിന്നക്കനാലിൽ റവന്യു വകുപ്പ് സ്റ്റോപ്പ് മെമോ നൽകിയ കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകി പഞ്ചായത്ത്‌ സെക്രട്ടറി. ഹൈക്കോടതി ഉത്തരവിനെ മറികടന്നാണ് സെക്രട്ടറിയുടെ നടപടി. സ്റ്റോപ്പ്‌ മെമോ നൽകിയ അഞ്ചു കെട്ടിടങ്ങൾക്കാണ് പഞ്ചായത്ത്‌ സെക്രട്ടറി വീണ്ടും പ്രവർത്തനാനുമതി നൽകിയത്.

2023 ലും ഈ വർഷം ആദ്യവുമാണ് നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ 57 കെട്ടിടങ്ങൾക്ക് റവന്യു വകുപ്പ് സ്റ്റോപ്പ് മെമോ നൽകിയത്. റവന്യു വകുപ്പിൻ്റെ നടപടി നേരിട്ട കെട്ടിടങ്ങളിൽ യാതൊരുവിധ പ്രവർത്തനങ്ങളും അനുവദിക്കരുതെന്ന് ഹൈക്കോടതി വിധിയുണ്ട്.  ഈ വിധി മറികടന്നുള്ള നടപടിയാണ് ചിന്നക്കാനാൽ പഞ്ചായത്തിലുണ്ടായത്. പ്രവർത്തനാനുമതി നിഷേധിച്ച ചിന്നക്കനാൽ പഞ്ചായത്തിലെ എഴിൽ അഞ്ചു കെട്ടിടങ്ങൾക്കാണ് പഞ്ചായത്ത്‌ സെക്രട്ടറി വീണ്ടും പ്രവർത്തനാനുമതി നൽകിയത്. സെക്രട്ടറിയുടെ നടപടി പഞ്ചായത്ത്‌ കമ്മിറ്റി പരിശോധിക്കുമെന്നും നടപടി ഉന്നത റവന്യു ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ചിന്നക്കനാൽ പഞ്ചായത്ത്‌ പ്രസിഡൻ്റ് ശ്രീകുമാർ വ്യക്തമാക്കി.



മുമ്പ് സ്റ്റോപ്പ്‌ മെമോ നൽകിയ പഞ്ചായത്ത് സെക്രട്ടറി തന്നെയാണ് അവയ്ക്ക് വീണ്ടും പ്രവർത്തനാനുമതി നൽകിയതെന്നതാണ് വിരോധാഭാസം. ഹൈക്കോടതി വിധിയെപ്പറ്റി അറിവില്ലായിരുന്നുവെന്നാണ് പഞ്ചായത്ത്‌ സെക്രട്ടറിയുടെ വിശദീകരണം. അതേസമയം സ്റ്റോപ്പ് മെമോ നൽകിയ കെട്ടിടങ്ങളിൽ ഏതെങ്കിലും തരത്തിൽ തുടർ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് റവന്യു വകുപ്പ് വ്യക്തമാക്കി. വിഷയം പഞ്ചായത്ത് കമ്മിറ്റി ഉടൻ ചർച്ച ചെയ്യുമെന്ന് ചിന്നക്കനാൽ പഞ്ചായത്തും വ്യക്തമാക്കി.

SCROLL FOR NEXT