കൊല്ലം ചിതറയിലെ ഇര്‍ഷാദിന്റെ കൊലപാതകത്തില്‍ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. പ്രതി സഹദിന്റെ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ പറയാന്‍ നാട്ടുകാര്‍ക്ക് ഭയമാണ്. ഇടയ്ക്കിടെ സഹദിന്റെ ദേഹത്ത് 'ജിന്ന്' കയറും. 'ജിന്ന്' കയറിയാല്‍ വാളുമായി സഹദ് പുറത്തിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കും. ആരെയും ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് അവിടെ നടക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ചുറ്റും വീടുകളുണ്ടെങ്കിലും അയല്‍വാസികളോട് ഒരടുപ്പവും പുലര്‍ത്താത്ത കുടുംബമായിരുന്നു സഹദിന്റേത്. രാത്രി കാലങ്ങളില്‍ ഉച്ചത്തില്‍ സംഗീതമുയരും, പിന്നീട് പ്രാര്‍ഥനയാണ്. ചിലപ്പോള്‍ പുക ഉയര്‍ന്ന് പൊങ്ങാറുമുണ്ട്. പ്രഭാഷണങ്ങള്‍ ഉച്ചത്തില്‍ വയ്ക്കുന്നതും പതിവാണ്. ആരെങ്കിലും പരാതിപ്പെട്ടാല്‍ ജിന്ന് കയറിയെന്ന് പറഞ്ഞ് വാളുമായി സഹദ് പുറത്തിറങ്ങും... ഇതെല്ലാം കണ്ട് ഭയപ്പെട്ട അയല്‍വാസികള്‍ ഇവിടേക്ക് തിരിഞ്ഞ് നോക്കാറുപോലുമില്ല.
ഇതിനിടെയാണ് പതിനാലാം തീയതി രാവിലെ പതിനൊന്ന് മണിയോടെ കൂട്ടുകാരനായ ഇര്‍ഷാദിനെ വീട്ടിനുള്ളിലിട്ട് സഹദ് കഴുത്തറുത്ത് കൊന്നത്. കൊല്ലപ്പെട്ട ഇര്‍ഷാദ് സഹദിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ചിലപ്പോഴൊക്കെ സഹദിന്റെ വീട്ടില്‍ തങ്ങാറുമുണ്ടായിരുന്നു. ഇര്‍ഷാദിനെ കൊലപ്പെടുത്തിയ വിവരം സഹദ് സ്വന്തം പിതാവ് അബ്ദുള്‍ സലാമിനെ അറിയിച്ചു. അബ്ദുള്‍ സലാമാണ് ആംബുലന്‍സ് വിളിക്കുന്നത്.
കൊലയ്ക്ക് ശേഷം സഹദ് പിതാവിനോട് വിവരം പറയുന്നു. പിതാവ് ആംബുലന്‍സ് വിളിക്കുന്നു, പിന്നാലെ പൊലീസെത്തി. പൊലീസെത്തുന്നതിന് മുന്‍പ് തന്നെ കൊലയ്ക്ക് ഉപയോഗിച്ച കത്തി സഹദും പിതാവും ചേര്‍ന്ന് ഒളിപ്പിച്ചു. പൊലീസെത്തിയപ്പോള്‍ മറ്റൊരു കത്തിയാണ് കാണിച്ചു കൊടുത്തത്.
ഫോറന്‍സിക് പരിശോധനയില്‍ ആ കത്തിയല്ല കൊല നടത്താന്‍ ഉപയോഗിച്ചതെന്ന് തെളിഞ്ഞു. ഇതോടെ പൊലീസ് അബ്ദുള്‍ സലാമിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. ചോദ്യം ചെയ്യലില്‍ കൊലയ്ക്ക് ഉപയോഗിച്ച കത്തി ആളൊഴിഞ്ഞ പുരയിടത്തില്‍ കളഞ്ഞെന്ന് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കത്തി കണ്ടെടുത്തു. അപ്പോഴും ജിന്നാണ് കൊല നടത്തിയതെന്നും തന്റെ ഉള്ളില്‍ ജിന്നുണ്ടെന്നും പറഞ്ഞ് സഹദ് എല്ലാം കണ്ട് നില്‍ക്കുകയായിരുന്നു.
എന്തിനാണ് സ്വന്തം സുഹൃത്തായ ഇര്‍ഷാദിനെ സഹദ് കൊലപ്പെടുത്തിയത്? പോലീസുകാരനായ ഇര്‍ഷാദ് ആഴ്ചകളായി ഈ വീട്ടില്‍ താമസിച്ചതെന്തിന്? പരസ്യമായ ലഹരി ഉപയോഗം വീട്ടില്‍ നടന്നിട്ടും എന്ത് കൊണ്ട് തടഞ്ഞില്ല? അന്‍പതിലധികം വാളുകളും, മന്ത്രവാദ വസ്തുക്കളും വീട്ടില്‍ സൂക്ഷിച്ചതെന്തിന്? ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് ഇപ്പോഴും പൊലീസിന് മുന്നിലുള്ളത്.
മരണ പരിപാലനം, മരണാനന്തര ജീവിതത്തെ കുറിച്ചുള്ള പ്രഭാഷണ സിഡികളുമൊക്കെയാണ് സഹദിന്റെ വീട്ടില്‍ നിന്നും പരിസരത്ത് നിന്നുമായി കണ്ടെത്തിയത്. അരും കൊല നടന്നതറിഞ്ഞാണ് പലരും സഹദിന്റ വീട്ടു പരിസരത്തെത്തിയത്.
കൊലപാതകത്തിന് മുന്‍പ് ഇര്‍ഷാദും സഹദും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതിന് ശേഷമാണ് ഇരുവരും മുകളിലെ നിലയിലെ മുറിയിലേക്ക് പോയത്. ഏകദേശം രണ്ട് മറിക്കൂറിന് ശേഷമാണ് കഴുത്ത് വേര്‍പ്പെട്ട നിലയില്‍ ഇര്‍ഷാദിനെ കാണപ്പെട്ടത്.
കൊല നടന്നിട്ട് രണ്ട് ദിവസം പിന്നിട്ടിട്ടും ചിതറ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. കൊല്ലപ്പെട്ടത് ഒരു പൊലീസുകാരനായിട്ടും കൊലയിലേക്ക് നയിച്ചതിന്റെ കാരണം കണ്ടെത്താന്‍ പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.