NEWSROOM

ചൂരൽമല ദുരന്തം: മരണസംഖ്യ 361 ആയി ഉയർന്നു

ഉരുൾപൊട്ടലിൽ അകപ്പെട്ടവരിൽ 12 മൃതദേഹങ്ങൾ ഇന്ന് കണ്ടെടുത്തിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ചൂരൽമല ദുരന്തത്തിൽ മരണസംഖ്യ 361 ആയി ഉയർന്നു. ഇനിയും 206 പേരെ കണ്ടെത്താനുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഉരുൾപൊട്ടലിൽ അകപ്പെട്ടവരിൽ 12 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തിട്ടുള്ളത്. ഇതിൽ മൂന്ന് മൃതദേഹങ്ങളും ഒൻപത് ശരീര ഭാഗങ്ങളുമുണ്ട്. മലപ്പുറം നിലമ്പൂർ, പോത്തുകൽ, മുണ്ടേരി ഭാഗത്ത് ചാലിയാർ പുഴയുടെ വിവിധ കടവുകളിലാണ് ഇന്നത്തെ തെരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈ മേഖലയിൽ നിന്നായി ഇതുവരെ കണ്ടെത്തിയത് 201 മൃതദേഹങ്ങളാണ്.

അതിൽ 73 മൃതദേഹങ്ങളും, 128 മൃതദേഹ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 37 പുരുഷന്മാർ, 29 സ്ത്രീകൾ, 3 ആൺകുട്ടികൾ, 4 പെൺകുട്ടികൾ എന്നിങ്ങനെയാണ് കണ്ടെത്തിയത്. നിലമ്പൂർ ജില്ലാ ആശുപത്രിയിലുള്ള മൃതദേഹങ്ങൾ, മൃതദേഹ ഭാഗങ്ങൾ എന്നിവയിൽ 198 എണ്ണത്തിൻ്റെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. 156 മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോയി. മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുത്തു.

ചാലിയാറിലെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. ബാക്കി തെരച്ചിൽ നാളെ തുടരും. ഇന്ന് ചാലിയാറിന്റെ തീരങ്ങളിൽ നിന്നും കണ്ടെടുത്തത് 12 മൃതദേഹങ്ങളാണ്. ആറു ദിവസം നീണ്ട തിരച്ചിലിൽ ചാലിയാറിൽ നിന്നും ആകെ കണ്ടെടുത്തത് 201 മൃതദേഹങ്ങളാണ്. ഇന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് ഏഴ് ആംബുലൻസുകളിലായി 34 ശരീരഭാഗങ്ങൾ വയനാട്ടിലേക്ക് കൊണ്ട് പോയി.


വയനാട്ടിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ട് രക്ഷാദൗത്യത്തിനിടെ ലഭിച്ച തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് സംസ്ഥാന സർക്കാർ നിർദേശം പുറപ്പെടുവിച്ചു. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് പഞ്ചായത്തുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന്ന് മുമ്പായി ഇന്‍ക്വസ്റ്റ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉണ്ടാവും. പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ എന്നിവ നല്‍കും. മൃതദേഹത്തിൻ്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിക്കും. ഡിഎന്‍എ സാമ്പിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ എടുത്ത് വെക്കും. പൊലീസ് ഇത്തരം മൃതദേഹങ്ങള്‍ സംബഡിച്ച് മേപ്പാടി പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കണമെന്നും നിർദേശം നൽകി.

SCROLL FOR NEXT