453325662_888319033340219_6581817273523939258_n 
NEWSROOM

രക്ഷാദൗത്യത്തിന്‍റെ നാലാംദിനം: മുണ്ടക്കൈയെ ആറു സോണുകളായി തിരിക്കും, ചാലിയാര്‍ കേന്ദ്രീകരിച്ചും തെരച്ചില്‍

ചൂരൽമലയിൽ ചാലിയാർ പുഴയുടെ ഭാഗങ്ങൾ കേന്ദ്രീകരിച്ചാകും തെരച്ചിൽ നടത്തുക

Author : ന്യൂസ് ഡെസ്ക്

വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം നാലാം ദിവസത്തിലേക്ക് കടന്നു. ബെയ്ലി പാലത്തിൻ്റെ പണി പൂ‍‍‍ർത്തിയായതോടെ മുണ്ടക്കൈയിൽ ഇന്നുമുതൽ പൂ‍‍ർണ തോതിലുള്ള രക്ഷാപ്രവ‍ത്തനം നടക്കും. ആറു സോണുകളായാണ് തെരച്ചിൽ നടത്തുക. ചൂരൽമലയിൽ ചാലിയാർ പുഴയുടെ ഭാഗങ്ങൾ കേന്ദ്രീകരിച്ചാകും തെരച്ചിൽ നടത്തുക.

ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും നേരത്തേയുണ്ടായിരുന്ന പാലം ത‍ക‍‍ർന്നതോടെ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലായിരുന്നു മുണ്ടക്കൈ. വ്യാഴാഴ്ച വൈകിട്ടാണ് ബെയ്ലി പാലത്തിൻ്റെ നി‍ർമാണം പൂ‍‍‍ർത്തിയായത്. ഇതോടെ ഇന്നുമുതലുള്ള രക്ഷാപ്രവർത്തനത്തിന് കൂടുതൽ വേഗത കൈവരും. പാലത്തിലൂടെ ആംബുലൻസ് അടക്കം മുണ്ടക്കൈയിൽ എത്തിച്ച് രക്ഷാപ്രവർത്തനം നടത്താനാകും. ആറുമേഖലകളായി തിരിച്ചാണ് ഇന്ന് രക്ഷാപ്രവർത്തനം നടത്തുകയെന്ന് റവന്യൂമന്ത്രി കെ. രാജൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ചാലിയാര്‍ പുഴയിൽ ഇന്ന് നടത്തുക മൂന്ന്  വിധത്തിലുള്ള രക്ഷാപ്രവർത്തനമാണ്. 40 കിലോമീറ്റർ വരുന്ന എട്ട് പൊലീസ് സ്റ്റേഷൻ പരിധികളിലുള്ള പുഴയുടെ ഭാഗങ്ങളിൽ പൊലീസും സന്നദ്ധപ്രവർത്തകരും തെരച്ചിലിനിറങ്ങും. സമാന്തരമായി കോസ്റ്റ് ഗാർഡും നാവികസേനയും വനംവകുപ്പും  മൃതദേഹങ്ങൾ തങ്ങിനിൽക്കാൻ സാധ്യതയുള്ള പുഴയുടെ വളവുകളിൽ ഉൾപ്പെടെ പരിശോധനയ്ക്കിറങ്ങും. ഇതിനൊപ്പം കഴിഞ്ഞ ദിവസങ്ങളിലേതുപോലെ പൊലീസ് ഹെലിക്കോപ്ടറും ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്കുശേഷം പെയ്ത ശക്തമായ മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. കാലാവസ്ഥ വെല്ലുവിളിയായതോടെ വൈകിട്ട് അഞ്ചോടെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. 293 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്താനായത്. ഇതിൽ 103 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 86 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ഇന്നലെ മാത്രം 21 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.


മുണ്ടക്കൈ, ചൂരൽ മല ഭാഗത്ത് നിന്നും 11 മൃതദേഹങ്ങളും നിലമ്പൂർ മുണ്ടേരി പോത്തുകല്ല് ഭാഗങ്ങളിൽ നിന്ന് 8 മൃതദേഹങ്ങളും കേരള -തമിഴ്നാട് അതിർത്തിയായ കലക്കൻപുഴ ഭാഗത്തു നിന്ന് രണ്ട് മൃതദേഹങ്ങളുമാണ് കണ്ടെടുത്തത്.
















SCROLL FOR NEXT