NEWSROOM

ചൂരൽമല ദുരന്തം; നാളെ മൂന്ന് കേന്ദ്രങ്ങളിൽ പരിശോധന,കോസ്റ്റ് ഗാർഡും നേവിയും തെരച്ചിലിനെത്തും

തെരച്ചിലിനായി കൂടുതൽ ഡോഗ് സ്ക്വാഡിനെ സ്ഥലത്തെത്തിക്കും

Author : ന്യൂസ് ഡെസ്ക്

നാടിനെ നടുക്കിയ വയനാട് ചൂരൽമല ദുരന്തത്തിൽ രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കാനൊരുങ്ങുമെന്ന് സംസ്ഥാന സർക്കാർ. ദുരന്തബാധിത പ്രദേശത്ത് നാളെ  മൂന്ന് കേന്ദ്രങ്ങളിൽ പരിശോധന നടക്കും. കോസ്റ്റ് ഗാർഡും നേവിയും തെരച്ചിലിനെത്തുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. നാളെ രാവിലെ ഏഴുമണിക്ക് രക്ഷാദൗത്യം ആരംഭിക്കും. കേരളത്തിൻ്റെ സൈന്യമായ മനുഷ്യരുടെ പൂർണ പിന്തുണയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചാലിയാർ പുഴയും, തീരങ്ങളും കേന്ദ്രീകരിച്ച് കൂടുതൽ രക്ഷാപ്രവർത്തനം നടത്താനാണ് തീരുമാനം. 8 പൊലീസ് സ്റ്റേഷൻ അതിർത്തികൾ കേന്ദ്രീകരിച്ചും തെരച്ചിൽ നടത്തും. നാളെ മുണ്ടക്കൈയിൽ 6 മേഖലകളായി തിരിച്ച് റെസ്ക്യൂ ഓപ്പറേഷൻ നടത്തും. പ്രദേശവാസികളായ 40 പേരെക്കൂടി റെസ്ക്യൂ ടീമിൽ ഉൾപ്പെടുത്തും. എന്നാൽ സംഭവ സ്ഥലത്തേക്ക് കൂടുതൽ വാഹനങ്ങൾ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും മന്ത്രി അറിയിച്ചു.

തെരച്ചിലിനായി കൂടുതൽ ഡോഗ് സ്ക്വാഡിനെ സ്ഥലത്തെത്തിക്കും. ഡ്രോൺ ബേസ്ഡ് ഇൻ്റലിജൻസ് ബറീഡ് സിസ്റ്റം നാളെ ഡൽഹിയിൽ നിന്ന് എത്തിക്കും.

അതേ സമയം പ്രദേശത്തെ ഉൾവനത്തിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചു. മുണ്ടേരിയിൽ നിന്ന് 18 കിലോമീറ്റർ അകല ഉൾവനത്തിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്. നാട്ടുകാരും ഫോറസ്റ്റ് സംഘവും അതി സാഹസികമായി വനത്തിലൂടെ സഞ്ചരിച്ചാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹ ഭാഗങ്ങൾ ചാക്കിൽ കെട്ടി മരത്തണ്ടിൽ ചുമന്നാണ് പുറത്തെത്തിച്ചത്. ചാലിയാറിൻ്റെ കൈവഴിയായ കലക്കൻ പുഴയിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട് .

SCROLL FOR NEXT