NEWSROOM

'ഞാനും ഉമ്മയും ജീവനും കൊണ്ടോടി, വാപ്പച്ചിയും അനിയനും ഇടിഞ്ഞുവീണ ചുമരുകൾക്കടിയിലായി'; നാമാവശേഷമായ മുണ്ടക്കൈയിലെ ദുരന്തം വിവരിച്ച് അതിജീവിതർ

"അനിയൻ ഇപ്പോഴും ഹോസ്പിറ്റലിലാണ്, ആള് റെഡിയായിട്ടില്ല. ഞങ്ങള് പാടിയിലാണ് കിടന്നത്. അവിടെ പല മുറികളിലായി കുറേ പേർ ഉണ്ടായിരുന്നു. അടുത്ത മുറികളിൽ കിടന്ന പലരേയും കാണാതായി," പെൺകുട്ടി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ന്യൂസ് മലയാളത്തിൻ്റെ ക്യാമറകൾ ചൂരൽമലയിലെ ക്യാമ്പുകളിലെ മനുഷ്യരുടെ നിസഹായത പകർത്തുന്നതിനിടെ, നടുക്കുന്ന ദുരന്തത്തിൻ്റെ ഓർമകളിൽ നിന്ന് മോചിതരാകാതെയാണ് പലരും ഞങ്ങളോട് സംസാരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഇടിഞ്ഞുവീണ വീടിൻ്റെ ഭാഗങ്ങൾക്കിടയിൽ നിന്ന് എഴുന്നേറ്റോടിയ അനുഭവമാണ് എല്ലാവർക്കും പങ്കുവെക്കാനുണ്ടായിരുന്നത്. മുണ്ടക്കൈ പള്ളിയുടെ താഴത്തുള്ള പാടിയിൽ താമസിച്ചിരുന്ന പെൺകുട്ടി ദുരന്തം നടന്ന ദിവസം രാത്രിയിലെ അനുഭവങ്ങൾ ന്യൂസ് മലയാളത്തോട് പങ്കുവെച്ചു.

"രാത്രി ഉറങ്ങുന്നതിനിടയിൽ ഉമ്മച്ചി എന്തൊക്കെയോ ഒച്ച കേട്ട് എണീറ്റതു കൊണ്ട് ഞങ്ങൾ ഇവിടെ നിൽക്കണത്. ഉമ്മയാണ് എന്നെ വീടിന് പുറത്തേക്ക് എത്തിച്ചത്. പിന്നെ വാപ്പച്ചീനേം അനിയനേം വിളിക്കാൻ അകത്തേക്ക് പോകുന്നതിനിടയ്ക്ക്, അവരുടെ മേലേക്ക് ചുമര് വന്ന് വീണ്ക്കിണ്. വാപ്പച്ചി എങ്ങനെയോ അതിൻ്റെ അടിയിൽ നിന്ന് എണീച്ച്, എൻ്റെ അനിയനെ രക്ഷപ്പെടുത്തീട്ടാണ് പുറത്തേക്ക് കൊണ്ടോന്നത്. അനിയൻ ഇപ്പോഴും ഹോസ്പിറ്റലിലാണ്, ആള് റെഡിയായിട്ടില്ല. ഞങ്ങള് പാടിയിലാണ് കിടന്നത്. അവിടെ പല മുറികളിലായി കുറേ പേർ ഉണ്ടായിരുന്നു. അടുത്ത മുറികളിൽ കിടന്ന പലരേയും കാണാതായി,"

"ആദ്യത്തെ ഉരുൾപൊട്ടലിൽ തന്നെ പാടിയിൽ ഉറങ്ങിക്കിടന്ന കുറേ ആളുകൾ പോയിക്കിണ്. സഹായിക്കാൻ ആളുകൾ ഉണ്ടായിരുന്നത് കൊണ്ടാണ് മണ്ണിനിടിയിൽ നിന്ന് അനിയനെ പുറത്തെടുക്കാനായത്. പാടിയും മുണ്ടക്കൈ എല്ലാം പോയിക്ക്‌ണ്. മുണ്ടക്കൈ എന്ന് പറയാൻ ഇനി അവിടെ സ്ഥലമില്ല. രണ്ടാമത്തെ പൊട്ടലിൻ്റെ ശബ്ദം കേട്ട് ഞങ്ങൾ ചാഴച്ചേരിയിലെ കുന്നിൻ്റെ പുറത്തുകയറി നിന്നത്. അവിടെ കുറേനേരം നിന്നു. ഒച്ചപ്പാടൊക്കെ നിന്നിട്ടാണ് ഞങ്ങൾ എസ്റ്റേറ്റിലേക്ക് മാറിയത്. എസ്റ്റേറ്റിലെ രണ്ട് നഴ്സുമാരാണ് പരുക്കേറ്റവരുടെ മുറിവൊക്കെ കെട്ടി മരുന്നുവെച്ചത്.സഹോദരൻ കബ്ലക്കാട് ആരോഗ്യാശുപത്രിയിലാണ്. അവന്ക്ക് ഇപ്പോ കുഴപ്പമൊന്നുമില്ലെന്നാണ് വിവരം," പെൺകുട്ടി പറഞ്ഞ് നിർത്തി.

അതേസമയം, ചൂരൽമല സ്കൂൾ റോഡിനടുത്തുള്ള വീട്ടിൽ നിന്ന് അഞ്ചു പേരെ കാണാതായെന്ന് ഒരാളുടെ മൃതദേഹം മാത്രമാണ് കിട്ടിയതെന്നും ബന്ധുവായ ഒരു മധ്യവയസ്ക്കൻ പറഞ്ഞു. അദ്ദേഹത്തിൻ്റെ പെങ്ങളുടെ മകളെ കല്യാണം കഴിപ്പിച്ചയച്ച വീടാണ് മണ്ണിടിച്ചിലിൽ നാമാവശേഷമായത്. "സ്കൂൾ റോഡിന് മുകളിലുള്ള കയറ്റത്തിലാണ് അപകടത്തിൽപെട്ടവരെല്ലാം താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കണ്ടെടുത്ത മൃതദേഹങ്ങൾക്കിടയിൽ തെരച്ചിൽ നടത്തുകയായിരുന്നു. എന്നാൽ ഒരു മൃതദേഹം മാത്രമെ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളൂ. നിലമ്പൂരിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ വരുന്നുണ്ടെന്നും അതിൽ കൂടി തിരിച്ചറിയുമോയെന്ന് നോക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുന്നതും കാത്ത് ആശുപത്രിക്ക് പുറത്തിരിക്കുകയാണ് അദ്ദേഹം. സംഭവങ്ങൾ വിവരിക്കുമ്പോൾ ഭയവും നടുക്കവും മാത്രമായിരുന്നു ഇവരുടെയെല്ലാം മുഖത്ത് നിഴലിച്ച് കണ്ടത്. അദ്ദേഹത്തെ പോലെ നിരവധി പേരാണ് സമീപത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. മുറിഞ്ഞുമാറിയതും ചിതറിയതും, ആർക്കും തിരിച്ചറിയാനാവാത്തതുമായ ശരീരഭാഗങ്ങൾക്കിടയിൽ, ഉറ്റവരെ പരതി നടക്കുന്ന നിരവധി പേരെയാണ് വയനാട്ടിലെ വിവിധ ആശുപത്രികൾക്ക് പുറത്ത് കാണാനാകുന്നത്.

SCROLL FOR NEXT