കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ 
NEWSROOM

ചൂരൽമല ദുരന്തം; രക്ഷാപ്രവർത്തനത്തിന് മുൻ‌തൂക്കം നൽകും, വയനാട്ടിൽ ക്യാമ്പ് ചെയ്ത് ഏകോപിപ്പിക്കും : കേന്ദ്രമന്ത്രി ജോർജ് കുര്യൻ

സാങ്കേതിക സഹായത്തിന് നാവിക സേനയുടെ ഒരു കപ്പൽ അറബിക്കടലിൽ നിലയുറപ്പിച്ചിട്ടുണ്ട്. നാളെയോട് കൂടി രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാകുമെന്നും ജോർജ് കുര്യൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

നാടിനെ നടുക്കിയ ചൂരൽമല ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് മുൻ‌തൂക്കം നൽകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. രക്ഷാപ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും വയനാട്ടിൽ ക്യാമ്പ് ചെയ്ത് ഏകോപിപ്പിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. രക്ഷാദൗത്യത്തിന് ആഭ്യന്തര മന്ത്രി അമിത് ഷായാണ് നിർദേശം നൽകുന്നത്. സൈന്യത്തിൻ്റെ ഡോഗ് സ്ക്വാര്‍ഡും സ്ഥലത്തെത്തും. കൂടാതെ, സ്ഥലത്ത് കൂടുതൽ സമാന്തര പാലങ്ങൾ നിർമിക്കാൻ സൈന്യത്തിൻ്റെ എഞ്ചിനിയറിഗ് വിഭാഗം എത്തുമെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

സാങ്കേതിക സഹായത്തിന് നാവിക സേനയുടെ ഒരു കപ്പൽ അറബിക്കടലിൽ നിലയുറപ്പിച്ചിട്ടുണ്ട്. നാളെയോട് കൂടി രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാകുമെന്നും ജോർജ് കുര്യൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് സാങ്കേതിക സഹായം നൽകാൻ നേവിയുടെ ഐഎൻഎസ് സാമോറിന്‍ കപ്പൽ അറബിക്കടലിൽ നിലയുറപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി
എൻഡിആർഎഫിൻ്റെ മൂന്ന് സംഘങ്ങൾ കൂടിയെത്തും.

വയനാട് മുണ്ടക്കൈ ചൂരല്‍മലയിൽ ഇന്ന് രാവിലെയാണ് ഉരുൾപൊട്ടലുണ്ടായതും അതിനെത്തുർടന്ന് 106ഓളം പേർ മരണപ്പെടുകയും ചെയ്തു.കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. നിരവധിപ്പേർ ഒഴുകിപ്പോയതായും സംശയിക്കുന്നുണ്ട്. വയനാട്ടിൽ നിന്ന് 65 മൃതദേഹങ്ങളും, നിലമ്പൂരിൽ നിന്ന് 25 മൃതദേഹങ്ങളുമാണ് ഇതുവരെ കണ്ടെത്തിയത്. 16 പേരുടെ ശരീര ഭാഗങ്ങളും കണ്ടെത്തി. ആകെ 37 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

ഉരുൾപൊട്ടലുണ്ടായ മേഖലയിൽ 400ഓളം വീടുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ദുരന്തത്തിൻ്റെ വ്യാപ്തി ഇതിലും വലുതാണെന്നാണ് ലഭിക്കുന്ന സൂചന. ചൊവ്വാഴ്ച ഉച്ചയോടെ മുണ്ടക്കൈ പുഴയിൽ വീണ്ടും മലവെള്ളപ്പാച്ചിൽ ഉണ്ടായത് രക്ഷാപ്രവർത്തകരിൽ ആശങ്ക സൃഷ്ടിച്ചു. പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് രക്ഷാപ്രവർത്തനത്തെയും ബാധിച്ചു.
കനത്ത മഴയില്‍ ചൂരല്‍മല പാലം ഒലിച്ചുപോയി. ഇതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രക്ഷാപ്രവർത്തകർക്ക് പോലും മുണ്ടക്കൈയിലേക്ക് കടക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടറും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.


SCROLL FOR NEXT