വയനാട് ചൂരൽ മലയിലെ ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട മുഴുവൻ കുട്ടികളുടേയും തുടർ വിദ്യാഭ്യാസം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അവർക്ക് നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെ തിരികെ നൽകുവാൻ കഴിയില്ലെങ്കിലും ഉണങ്ങാത്ത മുറിവുമായാണെങ്കിലും ഭാവി ജീവിതമെങ്കിലും കരുപ്പിടിപ്പിക്കുവാൻ ഈ കൈത്താങ്ങ് കൊണ്ട് കഴിയുമെങ്കിൽ വലിയ ആശ്വാസമാണെന്ന് രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു
ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം;
" ലോകത്തിൽ പകരമാകാത്തത് ഒന്നേയുള്ളൂ അതാണ് അമ്മയും അച്ഛനും.
അവർ നൽകുന്ന സ്നേഹത്തിനും കരുതലിനും പകരമാകുവാൻ മറ്റൊന്നിനും കഴിയില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഈ ദുരന്ത ഭൂമിയിലൂടെ നടക്കുമ്പോൾ അനാഥരായ മനുഷ്യരോടൊപ്പം തന്നെ അനേകം കുട്ടികളെ കാണാനിടയായി.
കളിചിരിയോടെ നടന്ന കളിമുറ്റത്ത് ഊഷരമായ ഭൂമിയാണ് അവർ കാണുന്നത്. മഴ നനഞ്ഞ് നീട്ടി വിളിക്കുമ്പോൾ ഓടി വന്ന് തല തുവർത്തുവാനോ ഭക്ഷണവുമായി വരാനോ പഠിച്ചില്ലെങ്കിൽ ശാസിക്കുവാനോ പ്രിയപ്പെട്ട അമ്മയും അച്ഛനും ഇനിയവർക്കില്ല. തങ്ങളുടെ ഭാവിയെന്നത് അവരെ സംബന്ധിച്ചിടത്തോളം ചോദ്യ ചിഹ്നമായിരിക്കും ഈ നിമിഷമെങ്കിലും.
വയനാട്ടിലെ ദുരന്തത്തിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ പഠനച്ചിലവ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുകയാണ്.
അവർക്ക് നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെ തിരികെ നൽകുവാൻ കഴിയില്ലെങ്കിലും ഉണങ്ങാത്ത മുറിവുമായാണെങ്കിലും ഭാവി ജീവിതമെങ്കിലും കരുപ്പിടിപ്പിക്കുവാൻ ഈ കൈത്താങ്ങ് കൊണ്ട് കഴിയുമെങ്കിൽ വലിയ ആശ്വാസമാണ്.
നമ്മൾ ഒരുമിച്ച് അതിജീവിക്കുക തന്നെ ചെയ്യും."