NEWSROOM

ലൈംഗികാതിക്രമ പരാതി; കൊറിയോഗ്രാഫര്‍ ജാനി മാസ്റ്റര്‍ അറസ്റ്റില്‍

സൈബറാബാദ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ടീം ഗോവയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

ലൈംഗികാതിക്രമ കേസില്‍ തെന്നിന്ത്യന്‍ ഡാന്‍സ് കൊറിയോഗ്രാഫര്‍ ജാനി മാസ്റ്റര്‍ അറസ്റ്റില്‍. 21 കാരിയായ സഹപ്രവര്‍ത്തകയുടെ പരാതിയില്‍ പോക്സോ നിയമപ്രകാരമാണ് ദേശീയ പുരസ്കാര ജേതാവായ ജാനി ബാഷക്കെതിരെ കേസ് എടുത്തത്. സൈബറാബാദ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ടീം ഗോവയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഹൈദരാബാദ് കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ആറ് വർഷത്തിനിടെ ജാനി ഔട്ട്‌ഡോർ ഷൂട്ടിനിടെ ഒന്നിലധികം തവണ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ചാണ് ജൂനിയര്‍ കോറിയോഗ്രാഫര്‍ രംഗത്തുവന്നത്. 16 വയസ് മുതല്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പോക്സോ നിയമ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വിഷയത്തില്‍ വനിത കമ്മീഷനും ഇടപെട്ടിരുന്നു.

2017 ൽ ഒരു പരിപാടിയിൽ വെച്ചാണ് മാസ്റ്ററെ കണ്ടുമുട്ടിയതെന്നും രണ്ട് വർഷത്തിനു ശേഷം അസിസ്റ്റൻ്റ് കൊറിയോഗ്രാഫറായി ജോലി വാഗ്ദാനം ചെയ്തതായും യുവതി പറയുന്നു. ഒരുമിച്ചുള്ള ചിത്രീകരണം നടക്കവെ പല നഗരങ്ങളില്‍ വച്ചും ലൈംഗികാതിക്രമത്തിന് ഇരയായെന്നും പുറത്തു പറഞ്ഞാൽ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു. തൻ്റെ വീട്ടിൽ വെച്ചും ചൂഷണത്തിന് ഇരയായെന്നും യുവതി വെളിപ്പെടുത്തി.

പീഡനാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ജാനി മാസ്റ്ററെ തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് വര്‍ക്കേഴ്സ് യൂണിയന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്‍റെ ജനസേന പാര്‍ട്ടിയില്‍ അംഗമാണ് ജാനി മാസ്റ്റര്‍. കേസിനെ തുടര്‍ന്ന് പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കി.

SCROLL FOR NEXT