NEWSROOM

പോക്‌സോ കേസ്; കൊറിയോഗ്രഫര്‍ ജാനി മാസ്റ്ററിന്റെ ദേശീയ പുരസ്‌കാരം റദ്ദാക്കി

ഒക്ടോബര്‍ 8ന് ഡല്‍ഹിയില്‍ അവാര്‍ഡ് വിതരണം നടക്കാനിരിക്കെയാണ് പുരസ്‌കാരം റദ്ദാക്കിയത്

Author : ന്യൂസ് ഡെസ്ക്



സിനിമാ ഡാന്‍സ് കൊറിയോഗ്രാഫര്‍ ജാനി മാസ്റ്റര്‍ സെപ്തംബര്‍ 19നാണ് പ്രായപൂര്‍ത്തിയാകാത്ത സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാകുന്നത്. കേസിന് ഒരു മാസം മുന്‍പ് ധനുഷ് നായകനായ തിരുച്ചിത്രമ്പലം (2022) എന്ന ചിത്രത്തിന് മികച്ച നൃത്തസംവിധായകനുള്ള ദേശീയ അവാര്‍ഡ് ജാനി മാസ്്റ്റര്‍ക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ നാഷണല്‍ ഫിലിം അവാര്‍ഡ് സെല്‍ ജാനി മാസ്റ്റര്‍ക്ക് പ്രഖ്യാപിച്ച പുരസ്‌കാരം റദ്ദാക്കിയിരിക്കുകയാണ്. പുറത്തിറക്കിയ പ്രസ്താവനയില്‍ ജാനിക്കെതിരായ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് സസ്‌പെന്‍ഡ് ചെയ്തുവെന്ന് അറിയിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 8ന് ഡല്‍ഹിയില്‍ അവാര്‍ഡ് വിതരണം നടക്കാനിരിക്കെയാണ് പുരസ്‌കാരം റദ്ദാക്കിയത്. അടുത്തിടെ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി കോടതി ജാനി മാസ്റ്ററിന് ജാമ്യം അനുവദിച്ചിരുന്നു. പുരസ്‌കാരം റദ്ദാക്കിയതോടെ ഡല്‍ഹി വിജ്ഞാന് ഭവനില്‍ നടക്കുന്ന എഴുപതാമത് ദേശീയ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ജാനി മാസ്റ്ററിന് നല്‍കിയ ക്ഷണവും പിന്‍വലിച്ചു.



കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ജാനി ഔട്ട്ഡോര്‍ ഷൂട്ടിനിടെ ഒന്നിലധികം തവണ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ചാണ് ജൂനിയര്‍ കോറിയോഗ്രാഫര്‍ രംഗത്തുവന്നത്. 16 വയസ് മുതല്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പോക്‌സോ നിയമ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വിഷയത്തില്‍ വനിത കമ്മീഷനും ഇടപെട്ടിരുന്നു.


2017 ല്‍ ഒരു പരിപാടിയില്‍ വെച്ചാണ് മാസ്റ്ററെ കണ്ടുമുട്ടിയതെന്നും രണ്ട് വര്‍ഷത്തിനു ശേഷം അസിസ്റ്റന്റ് കൊറിയോഗ്രാഫറായി ജോലി വാഗ്ദാനം ചെയ്തതായും യുവതി പറയുന്നു. ഒരുമിച്ചുള്ള ചിത്രീകരണം നടക്കവെ പല നഗരങ്ങളില്‍ വച്ചും ലൈംഗികാതിക്രമത്തിന് ഇരയായെന്നും പുറത്തു പറഞ്ഞാല്‍ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു. തന്റെ വീട്ടില്‍ വെച്ചും ചൂഷണത്തിന് ഇരയായെന്നും യുവതി വെളിപ്പെടുത്തി.



SCROLL FOR NEXT