പ്രതീകാത്മക ചിത്രം 
NEWSROOM

ചോറ്റാനിക്കര വധശ്രമം: 19കാരിയെ ക്രൂരമായി മർദിച്ച ആണ്‍സുഹൃത്ത് അറസ്റ്റില്‍‌

പോക്സോ കേസ് അതിജീവിതയായ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്

Author : ന്യൂസ് ഡെസ്ക്

ചോറ്റാനിക്കരയിൽ 19 വയസുകാരിയെ ക്രൂരമായി മർദിച്ച കേസിൽ ആൺസുഹൃത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. തലയോലപറമ്പ് സ്വദേശി അനൂപാണ് അറസ്റ്റിലായത്. വീട്ടിൽ അതിക്രമിച്ച് കയറി ആയുധം കൊണ്ട് ആക്രമിക്കൽ, കൊലപാതക ശ്രമം, വൈദ്യസഹായം നിഷേധിക്കൽ, മർദനം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് അറസ്റ്റ്.

അറസ്റ്റിലായ അനൂപ് മുൻപ് ലഹരി കേസടക്കം മൂന്ന് കേസുകളിൽ പ്രതിയാണ്. മകളെ പല തവണ ഇയാൾ മർദിച്ചിരുന്നതായി പെൺകുട്ടിയുടെ അമ്മ പറഞ്ഞു. പെൺകുട്ടിയുടേത് ആത്മഹത്യ ശ്രമമാണെന്നാണ് അനൂപ് മൊഴി നൽകിയതെന്ന് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ പുത്തൻ കുരിശ് ഡിവൈഎസ്‌പി വി.ടി. ഷാജൻ പറഞ്ഞിരുന്നു.

പോക്സോ കേസ് അതിജീവിതയായ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് 19 വയസുകാരിയെ അർദ്ധനഗ്നയായി അബോധാവസ്ഥയിൽ ചോറ്റാനിക്കരയിലുള്ള വീട്ടിലെ കട്ടിലിനോട് ചേർന്ന് കണ്ടെത്തിയത്. പെൺകുട്ടിയുടെ ശരീരമാസകലം മർദനമേറ്റ പാടുകളും കഴുത്തിൽ കയറിട്ട് മുറുക്കിയ പാടും ഉണ്ടായിരുന്നു. ഏതാനും നാളുകളായി ഒറ്റയ്ക്ക് താമസിക്കുന്ന പെൺകുട്ടിയെ ബന്ധുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.പെൺകുട്ടിയുടേയും ആൺസുഹൃത്തിൻ്റേയും മർദനം സഹിക്ക വയ്യാതേ അമ്മ മറ്റൊരിടത്തേയ്ക്ക് താമസം മാറ്റിയിരുന്നു.

അതേസമയം, പെൺകുട്ടിയുടെ വീട്ടിൽ യുവാക്കൾ എത്തുന്നതിനെതിരെ നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നതിൻ്റെ തെളിവുകളും പുറത്തുവന്നു. നാട്ടുകാരെ നിരന്തരം പെൺകുട്ടിയും സുഹൃത്തുകളും ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ മാസമാണ് റെസിഡൻസ് അസോസിയേഷൻ പൊലീസിൽ പരാതി നൽകിയത്. യുവാക്കളും പെൺകുട്ടിയും ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പരാതിയിൽ നാട്ടുകാർ ആരോപിക്കുന്നുണ്ട്.

SCROLL FOR NEXT