NEWSROOM

ചൂരൽമല ദുരന്തം: മരിച്ചവരുടെ എണ്ണം 293 ആയി ഉയർന്നു

റേഷൻ കാർഡ് പ്രകാരം 240 പേരെ കാണാതായിട്ടുണ്ട്. ഇതിൽ 29 പേർ കുട്ടികളാണ്

Author : ന്യൂസ് ഡെസ്ക്

വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 293 ആയി ഉയർന്നു. മരിച്ചവരിൽ 103 പേരെ തിരിച്ചറിഞ്ഞു.86 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ഇന്ന് മാത്രം 21 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

മുണ്ടക്കൈ, ചൂരൽ മല ഭാഗത്ത് നിന്നും 11 മൃതദേഹങ്ങളും നിലമ്പൂർ മുണ്ടേരി പോത്തുകല്ല് ഭാഗങ്ങളിൽ നിന്ന് 8 മൃതദേഹങ്ങളും കേരള -തമിഴ്നാട് അതിർത്തിയായ കലക്കൻപുഴ ഭാഗത്തു നിന്ന് രണ്ട് മൃതദേഹങ്ങളുമാണ് കണ്ടെടുത്തത്.

ഇതിനിടയിൽ ബെയ്‌ലി പാലത്തിന് സമീപം ഒരു മൃതദേഹം കൂടി കണ്ടെത്തി. മൃതദേഹം പുറത്തെത്തിക്കുവാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

3470 പേരെയാണ് ഇതിനോടകം രക്ഷാപ്രവർത്തകർ രക്ഷപെടുത്തിയിട്ടുള്ളത്. റേഷൻ കാർഡ് പ്രകാരം 240 പേരെ കാണാതായിട്ടുണ്ട്. ഇതിൽ 29 പേർ കുട്ടികളാണ്. ഉരുൾപൊട്ടലിൽ മരിച്ചവരിൽ 151 പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയത് മലപ്പുറം നിലമ്പൂർ, പോത്തുകൽ, മുണ്ടേരി ഭാഗത്ത് ചാലിയാർ പുഴയുടെ വിവിധ കടവുകളിൽ നിന്നായിട്ടാണ്. 


ചൂരൽ മലയിലെ രക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തുവാനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ വയനാട്ടിലെത്തി. ബെയ്‌ലി പാലത്തിൻ്റെ നിർമാണ പുരോഗതിയടക്കം മുഖ്യമന്ത്രി വിലയിരുത്തി.

SCROLL FOR NEXT