NEWSROOM

ചൂരൽമല ദുരന്തം: വെള്ളാർമല സ്‌കൂൾ പരിസരത്ത് നിന്ന് 4 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തി

നൂറിൻ്റെ അഞ്ച് കെട്ടും, അഞ്ഞൂറിൻ്റെ ഏഴ് കെട്ടും അടങ്ങുന്ന ഏകദേശം നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകളാണ് ഫയർഫോഴ്‌സ് കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയിലെ വെള്ളാർമല സ്‌കൂൾ റോഡ് പരിസരത്ത് തെരച്ചിൽ നടത്തിയ ഫയർഫോഴ്‌സ് സംഘം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി. നൂറിൻ്റെ അഞ്ച് കെട്ടും, അഞ്ഞൂറിൻ്റെ ഏഴ് കെട്ടും അടങ്ങുന്ന ഏകദേശം നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകളാണ് ഫയർഫോഴ്‌സ് കണ്ടെത്തിയത്. പണം ഫയർഫോഴ്‌സ് സംഘം പൊലീസ് കൺട്രോൾ റൂമിന് കൈമാറി. നോട്ടുകെട്ടുകളടങ്ങിയ പൊതി പാറക്കെട്ടില്‍ കുടുങ്ങി കിടന്നതിനാലാണ് ഒഴുകി പോവാഞ്ഞതെന്നും സേനാംഗങ്ങള്‍ പറഞ്ഞു.

പ്ലാസ്റ്റിക് കവറിലായതിനാല്‍ പണത്തിന് കൂടുതല്‍ കേടുപാട് സംഭവിച്ചിട്ടില്ല. എന്നാല്‍, ചെളി നിറഞ്ഞ നിലയിലാണ് നോട്ടുകെട്ടുകളുള്ളത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കും പാറക്കൂട്ടങ്ങള്‍ക്കും വെള്ളത്തിനുമിടയിലായാണ് പണം അടങ്ങിയ കവര്‍ കുടുങ്ങികിടന്നത്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ സുഭാഷ് ആണ് പണം കണ്ടെത്തിയത്. പണം ആരുടേതാണ് എന്നതിൽ ഇതുവരെയും വ്യക്തതയില്ല. ഈ ഭാഗം മാർക്ക് ചെയ്ത് കൂടുതൽ പരിശോധന തുടരുകയാണ്.


തുടര്‍നടപടികള്‍ക്കായി പൊലീസ് പണം ഏറ്റെടുത്തു. ദുരന്തത്തില്‍ അകപ്പെട്ട നിരവധി പേരുടെ പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമായിരുന്നു. ഇത്തരത്തില്‍ ഏതെങ്കിലും വീട്ടിൽ സൂക്ഷിച്ചിരുന്ന പണമായിരിക്കാം ഇത് എന്നാണ് കരുതുന്നത്. പണം പരിശോധിച്ച് ആവശ്യമായ തുടര്‍നടപടികൾ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


SCROLL FOR NEXT