വയനാട് ദുരന്തം സർക്കാർ ഇടപെടലിൽ സഭയ്ക്ക് സംതൃപ്തിയെന്ന് സീറോ മലബാർ സഭ തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് സുരക്ഷിതമായ പുനരധിവാസം സാധ്യമാക്കണം. സഭ ഇതിനായി സർക്കാരിനെ സഹായിക്കും. 100 വീടുകൾ നിർമിച്ച് നൽകുമെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും പ്രദേശവാസികളുടെ ആഗ്രഹം കൂടി പരിഗണിച്ചാകും സഭയുടെ നിലപാടെന്നും ബിഷപ്പ് പറഞ്ഞു.
ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകൾ സംബന്ധിച്ച സഭാ നിലപാടിൽ മാറ്റമില്ല. ഈ റിപ്പോർട്ടുകൾ നടപ്പിലാക്കാത്തതാണ് ദുരന്തത്തിന് കാരണമെന്ന് പറയുന്നു. ഇത്തരം വാദങ്ങൾ ദുരന്തത്തെ നിസാരവത്കരിക്കുന്നതിന് തുല്യമാണ്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നതിൽ അനുയോജ്യമായ തീരുമാനമെടുക്കണം. വയനാട്ടിൽ 100 വീടുകൾ നിർമിച്ച് നൽകുമെന്ന് കെസിബിസി പ്രഖ്യാപിച്ചിരുന്നു. ഖാദർ കമ്മിറ്റി റിപ്പോർട്ട് സാഹചര്യങ്ങൾ പരിഗണിക്കാതെയുള്ള നിർദേശങ്ങൾ അത് പ്രായോഗികമായി പ്രസക്തമാണെന്ന് കരുതുന്നില്ലെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
അതേസമയം, ദുരന്തത്തിൻ്റെ വ്യാപ്തി കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്താനായെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. രാജ്യത്ത് തന്നെ സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചതെന്ന് കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളത്തെയും പരിഗണിക്കണമെന്ന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.