NEWSROOM

ഐവിൻ ജിജോയുടെ മരണം: "വാക്കുതർക്കം മൊബൈലിൽ പകർത്തിയതിൽ വൈരാഗ്യം"; കുറ്റം സമ്മതിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥർ

സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ അശ്രദ്ധമായ ഡ്രൈവിംഗ് ആണ് തർക്കത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

നെടുമ്പാശ്ശേരിയിലെ ഐവിൻ ജിജോയുടെ മരണത്തിൽ കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥർ. ഐവിൻ വാക്കുതർക്കം മൊബൈലിൽ പകർത്തിയതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മോഹൻ കുമാർ മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ അശ്രദ്ധമായ ഡ്രൈവിംഗ് ആണ് തർക്കത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.


ഐവിൻ ജിജോയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മോഹൻ കുമാർ ആണ് പൊലീസിന് നിർണായക മൊഴി നൽകിയത്. വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥരും, ഐവിനും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നീട് മോഹൻ കുമാറും വിനയ് കുമാർദാസും ചേർന്ന് ഐവിനെ മർദിച്ചു. നാട്ടുകാർ എത്തുമെന്ന് കരുതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഐവിൻ കാറിന് മുന്നിൽ നിന്നും വീഡിയോ പകർത്തി.

ഇതിൽ പ്രകോപിതനായാണ് മോഹൻ കുമാർ വാഹനം മുന്നോട്ടെടുത്തത്. വാഹനം ഇടിച്ചുനിലത്ത് വീണ ഐവിൻ എഴുന്നേറ്റ് നിന്നു. പിന്നാലെ വിനയ്‌കുമാർ വാഹനം ഓടിച്ചു. ബോണറ്റിൽ ഐവിൻ കിടന്നിട്ടും വാഹനം നിർത്താൻ ഇരുവരും തയ്യാറായില്ല. ഐവിനെ ബോണറ്റിൽ കിടത്തി ഒരു കിലോമീറ്ററോളം അതിവേഗത്തിൽ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ട് നിർത്തി. ഈ ആഘാതത്തിൽ തെറിച്ചു പോയ ഐവിന്റെ തല മതിലിൽ ഇടിക്കുകയായിരുന്നു. തലക്കേറ്റ പരിക്കാണ് മരണകാരണം. വാഹനം ഇടിച്ചതിനെ തുടർന്ന് ഐവിന്റെ വാരിയെല്ലിന് മൂന്ന് പൊട്ടൽ ഉണ്ടായി. സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് വീട്ടിൽ എത്തി പതിവ് പോലെ ജോലിക്ക് പോകാൻ ശ്രമിച്ചെന്നും മോഹൻ കുമാർ മൊഴി നൽകി.


മോഹൻകുമാറിനെയും വിനയ്കുമാർ ദാസിനെയും അങ്കമാലി കോടതി റിമാൻഡ് ചെയ്തു. കോടതിക്ക് പുറത്ത് ഡിവൈഎഫ്ഐയുടെയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തിൽ പ്രതികൾക്ക് നേരെ പ്രതിഷേധമുണ്ടായിരുന്നു. പോലീസ് ജീപ്പ് ആക്രമിക്കാൻ ശ്രമിച്ച പ്രവർത്തകരെ ബലംപ്രയോഗിച്ചാണ് പൊലീസ് നീക്കിയത്.

ബുധനാഴ്ച രാത്രിയാണ് ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന ഐവിൻ ജിജോയെ സി ഐ എസ് എഫ് ഉദ്യോഗസ്ഥർ മർദിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തത്. അങ്കമാലി കരിയാട് മേഖലയിൽ വാടകയ്ക്ക് താമസിക്കുന്ന സിഐഎസ്എഫുകാർ നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നും പരിസരവാസികളും പറയുന്നു. മാലിന്യം തള്ളുന്നത് തടഞ്ഞ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ ഇവർ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു. അതേസമയം ഐവിൻ ജിജോയുടെ സംസ്കാരം വൈകീട്ട് തുറവൂരിൽ നടന്നു. തുറവൂ‍ർ സെന്‍റ് അഗസ്റ്റിൻ പള്ളിയിലായിരുന്നു സംസ്കാരം.



SCROLL FOR NEXT