NEWSROOM

മുഖ്യമന്ത്രിയുമായി നേരിട്ട് പരിചയമെന്ന് അവകാശവാദം; സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ

പണം കൈമാറിയിട്ടും ജോലി ലഭിക്കാത്തതിനെത്തുടർന്ന് അന്വേഷണം നടത്തിയപ്പോൾ വയനാട് ദുരന്തത്തെ തുടർന്നുള്ള തിരക്കുകളിലാണ് മുഖ്യമന്ത്രി എന്ന് പ്രതികൾ ധരിപ്പിച്ചു

Author : ന്യൂസ് ഡെസ്ക്

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിലെ പ്രതികളിലൊരാൾ പൊലീസിന്റെ പിടിയിൽ. 8,57,000 രൂപ തട്ടിയെടുത്ത കേസിലാണ് ഒരാൾ പിടിയിലായത്. കേസിലെ രണ്ടാം പ്രതി കോതകുറുശ്ശി പനമണ്ണ പൂമുളംക്കാട്ടിൽ 39കാരനായ മുഹമ്മദാലിയാണ് ഒറ്റപ്പാലം പൊലീസിൻ്റെ പിടിയിലായത്.

പാലപ്പുറം അങ്ങാടിയിൽ ഹരിദാസിൻ്റെ മക്കളെയാണ് ഇയാൾ ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചത്. ഒന്നാം പ്രതി മുത്തുവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. 2024 ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ബാങ്ക് അക്കൗണ്ട് മുഖേനയും നേരിട്ടുമാണ് ഹരിദാസ് പണം കൈമാറിയത്.

സെക്രട്ടറിയേറ്റിൽ താൽകാലിക ബൈൻ്റിം​ഗ് ജോലി ചെയ്തിരുന്ന മുഹമ്മദാലിയ്ക്ക് മുഖ്യമന്ത്രിയെ പരിചയമുണ്ടെന്നുമാണ് ഹരിദാസിനെ ധരിപ്പിച്ചത്. പണം കൈമാറിയിട്ടും ജോലി ലഭിക്കാത്തതിനെത്തുടർന്ന് അന്വേഷണം നടത്തിയപ്പോൾ വയനാട് ദുരന്തത്തെ തുടർന്നുള്ള തിരക്കുകളിലാണ് മുഖ്യമന്ത്രി എന്ന് പ്രതികൾ ധരിപ്പിച്ചു. പണവും ജോലിയും ലഭിക്കാത്തതിനെ തുടർന്ന് ഹരിദാസ് ഒറ്റപ്പാലം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവർ കൂടുതൽ ആളുകളിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയിട്ടുണ്ടെന്ന് പരാതിയുള്ളതായും പൊലീസ് അറിയിച്ചു.

SCROLL FOR NEXT