കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ. പ്രിൻസിപ്പലിനെ മർദ്ദിച്ചതിനാണ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തത്. നടപടിക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് എസ്എഫ്ഐ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കോളേജിൽ വിദ്യാർഥികളും പ്രിന്‍സിപ്പലും തമ്മിൽ സംഘർഷമുണ്ടായത്. എസ്എഫ്ഐ പ്രവര്‍ത്തകരും പ്രിന്‍സിപ്പലും തമ്മിലുള്ള തർക്കത്തിനൊടുവിലായിരുന്നു സംഘർഷം. ഹെൽപ്പ് ഡെസ്ക്ക് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് കോളേജിലെ നാല് വിദ്യാർഥികളെ പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. എസ്എഫ്ഐ പ്രവർത്തകരായ രണ്ടാം വർഷ ബിബിഎ വിദ്യാർഥി തേജു സുനിൽ, മൂന്നാം വർഷ ബിബിഎ വിദ്യാർഥി തേജുലക്ഷ്മി, രണ്ടാം വർഷ ബികോം വിദ്യാർഥി അമൽരാജ്, രണ്ടാം വർഷ സൈക്കോളജി വിദ്യാർഥി അഭിഷേക് സന്തോഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കോളേജ് അധികൃതരെ കയ്യേറ്റം ചെയ്തതിനും കോളേജിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനുമാണ് നടപടിയെന്ന് പ്രിൻസിപ്പലിൻ്റെ ഉത്തരവിൽ പറയുന്നു.
അതേസമയം വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തതിനെതിരെ സമരം ശക്തമാക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം. വിദ്യാർഥികളെ മർദ്ദിച്ച പ്രിൻസിപ്പലിനെയും സ്റ്റാഫ് സെക്രട്ടറിയെയും സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ കോളേജിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തിയിരുന്നു.
സംഭവത്തിൽ എസ്എഫ്ഐയുടെ പരാതിയിൽ കോളേജ് പ്രിന്‍സിപ്പലിനെതിരെയും സ്റ്റാഫ് സെക്രട്ടറിയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രിന്‍സിപ്പിലിൻ്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 20 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ബിരുദ ക്ലാസുകള്‍ക്കുള്ള അഡ്മിഷന്‍ നടന്നുകൊണ്ടിരിക്കെയാണ് സംഘർഷമുണ്ടായത്. പുറത്തു നിന്നുള്ളവരുള്‍പ്പെടെ ഒരു സംഘം ആളുകൾ തന്നെ ആക്രമിച്ചുവെന്ന് പ്രിൻസിപ്പൽ പറഞ്ഞു. തന്നെ സംരക്ഷിക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകരെയും ആക്രമികൾ മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നും പ്രിൻസിപ്പൽ ആരോപിച്ചു. പരുക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . എന്നാൽ, പ്രവർത്തകരെ പ്രിന്‍സിപ്പല്‍ മര്‍ദിക്കുകയായിരുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം.