യുപിയിൽ ദുർഗാ പൂജയ്ക്കിടെയുണ്ടായ സംഘർഷത്തിൽ ഒരു മരണം. സംഭവത്തില് നിരവധി പേർക്ക് പരുക്കേറ്റു. ബഹറൈച് ജില്ലയിലെ മഹാസി മേഖലയിൽ നവരാത്രി പൂജയുടെ ഭാഗമായി ദുർഗാ വിഗ്രഹം നിമജ്ജനം ചെയ്യുന്ന സമയത്തുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
22കാരന് രാം ഗോപാലാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. രഞ്ജൻ (30), സുധാകർ തിവാരി (22), ദിവ്യാംഗ് സത്യവാൻ (42), അഖിലേഷ് ബാജ്പേയ് (52)എന്നിവർക്കാണ് പരുക്കേറ്റത്. വിഗ്രഹ നിമജ്ജനത്തിനിടയില് രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.
Also Read: പഞ്ചാബിൽ നിന്ന് മുംബൈയിലേക്ക്; ബാബാ സിദ്ദിഖി കൊലപാതകത്തിലെ ഷൂട്ടർമാരെ കൈകാര്യം ചെയ്തതാര്?
മഹാരാജ്ഗഞ്ച് ടൗണില് നിന്നുള്ള ദുർഗാ പൂജ ജാഥയുടെ മൈക്രോഫോൺ വിച്ഛേദിച്ചതാണ് സംഘർഷത്തിന് കാരണമായതെന്ന് ബഹ്റൈച്ചിൽ നിന്നുള്ള ബിജെപി എംഎൽഎ സുരേശ്വർ സിംഗ് പറഞ്ഞു. ഇതാണ് ഇരുവിഭാഗങ്ങൾ തമ്മിലുള്ള വാക്കുതർക്കത്തിന് കാരണമായത്. ബഹളത്തിനിടയിൽ ചിലർ ഘോഷയാത്രയ്ക്കും വിഗ്രഹങ്ങൾക്കും നേരെ കല്ലെറിയാനും വെടിയുതിർക്കാനും തുടങ്ങിയതോടെ സംഘർഷം കടുത്തു. നിരവധി വാഹനങ്ങള് ആക്രമികള് കത്തിച്ചു. സംഘർഷത്തില് പരുക്കേറ്റവരില് ഒരാള് മരിച്ചതോടെ ആളുകള് ആശുപത്രിക്ക് മുന്നിലെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ആക്രമണങ്ങള്ക്കും കല്ലേറിനും കാരണക്കാരായവർക്കെതിരെ കർശന നടപടി വേണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
ലോക്കൽ പൊലീസും സുരക്ഷാ സേനയും സംഭവസ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില് 30 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഘോഷയാത്രയ്ക്ക് നേരെ വെടിയുതിർത്തതിൻ്റെ തെളിവുകൾ കണ്ടെത്തിയതിനെത്തുടർന്ന് സൽമാൻ എന്ന വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതു കൂടാതെ ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് മറ്റ് പത്ത് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Also Read: "ഈ വണ്ടി ഡൽഹിയിൽ നിന്നാണ് മോഷ്ടിച്ചത്, സോറി ഐ ലവ് ഇന്ത്യ"; കാർ തിരിച്ചുനൽകി 'രാജ്യസ്നേഹി'യായ കള്ളൻ
അതേസമയം, കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ജില്ലയിൽ മതാന്തരീക്ഷം നശിപ്പിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തവരെ വെറുതെ വിടില്ലെന്നും അവർക്ക് കടുത്ത ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു.