പി.വി. അൻവർ എംഎൽഎ പങ്കെടുത്ത പരിപാടിക്കിടെ സംഘർഷം. സംഭവത്തിൽ മാധ്യമപ്രവർത്തകർക്കും മർദനമേറ്റു. പാലക്കാട് ജില്ലയിലെ അലനെല്ലൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു പി. വി. അൻവർ. എംഎൽഎയുടെ പ്രസംഗത്തിനുശേഷം പ്രതികരണം എടുക്കാൻ വന്ന മാധ്യമ പ്രവർത്തകർക്കാണ് മർദ്ദനമേറ്റത്. സിപിഎം പ്രവർത്തകരാണ് മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തത്. സംഘർഷത്തിൽ രണ്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകനും, പ്രാദേശിക ചാനലിലെ മാധ്യമപ്രവർത്തകനുമാണ് സംഘർഷത്തിൽ പരുക്കേറ്റത്. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട കറുകച്ചാൽ പൊലീസ് കേസെടുത്തതിനെ പറ്റിയാണ് മാധ്യമപ്രവർത്തകർ അൻവറിനോട് ചോദ്യങ്ങൾ ചോദിച്ചത്. ഇതിനിടെയാണ് ഇവിടെ നിന്ന് പ്രതികരണങ്ങൾ എടുക്കുവാൻ പറ്റില്ല എന്ന നിലപാടിൽ സിപിഎം എത്തിയത്.
അതേസമയം ഫോൺ ചോർത്തൽ വിവാദത്തിൽ പി.വി. അൻവർ എംഎൽഎക്കെതിരെ പൊലീസ് ആദ്യമായി കേസെടുത്തു. പൊതുസുരക്ഷയെ ബാധിക്കുന്ന വിധത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിൻ്റെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസാണ് കേസെടുത്തത്.
ഫോൺ ചോർത്തി ദൃശ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് കലാപ ശ്രമം നടത്തിയെന്നും പരാതിക്കാരൻ ആരോപിച്ചു. ടെലി കമ്മ്യൂണിക്കേഷൻ നിയമം, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കറുകച്ചാൽ പൊലീസ് കേസെടുത്തിരിക്കുന്നത്.