ഒഡീഷ-ഛത്തീസ്ഗഢ് അതിർത്തിയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഗരിയാബന്ദ് ജില്ലയിൽ നടത്തിയ ഓപ്പറേഷനിലാണ് രണ്ട് വനിതാ മാവോയിസ്റ്റുകൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ പൊലീസ് തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട ജയ്റാം ചലപതി എന്ന മാവോയിസ്റ്റും ഉൾപ്പെടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവരിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.
ഛത്തീസ്ഗഡ്-ഒഡീഷ അതിർത്തിയിലെ വനത്തിൽ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയുമായി നടന്ന വെടിവയ്പിലാണ് മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം ചലപതി എന്ന ജയറാം കൊല്ലപ്പെട്ടത്. ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), ഛത്തീസ്ഗഢിൽ നിന്നുള്ള കോബ്ര, ഒഡീഷയിൽ നിന്നുള്ള സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) തുടങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.
ഛത്തീസ്ഗഢിലെ കുളാരിഘട്ട് റിസർവ് വനത്തിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. സെൽഫ് ലോഡിംഗ് റൈഫിൾ ഉൾപ്പെടെയുള്ള വലിയ തോക്കുകളും വെടിക്കോപ്പുകളും ഐഇഡികളും ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് കൂടുതൽ തെരച്ചിൽ നടത്തിവരികയാണ്.
2026 മാർച്ചോടെ രാജ്യത്തെ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പ്രതിജ്ഞ ചെയ്തിരുന്നു. ഛത്തീസ്‌ഗഡിലെ ഏറ്റുമുട്ടൽ നക്സലിസത്തിനെതിരായ മറ്റൊരു ശക്തമായ പ്രഹരമാണെന്ന് മന്ത്രി പറഞ്ഞു.
"നക്സൽ രഹിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ നമ്മുടെ സുരക്ഷാ സേന വലിയ വിജയം കൈവരിച്ചു. ഒഡീഷ-ഛത്തീസ്ഗഡ് അതിർത്തിയിൽ സിആർപിഎഫ്, സോജി ഒഡീഷ, ഛത്തീസ്ഗഡ് പോലീസ് സംയുക്ത ഓപ്പറേഷനിൽ 14 നക്സലൈറ്റുകൾ കൊലപ്പെട്ടു," അമിത് ഷാ എക്സിൽ പോസ്റ്റ് ചെയ്തു.നക്‌സൽ വിമുക്ത ഇന്ത്യയ്‌ക്കായുള്ള നമ്മുടെ ദൃഢനിശ്ചയവും സുരക്ഷാ സേനയുടെ സംയുക്ത പരിശ്രമവും കൊണ്ട് നക്‌സലിസം അന്ത്യശ്വാസം വലിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.