ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടറ്റലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. സംഭവത്തിൽ മേജർ അടക്കം അഞ്ച് ഇന്ത്യൻ സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലിൽ പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ വധിച്ചതായും സൈന്യം അറിയിച്ചു. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് എൽഒസിക്ക് സമീപം കുംകാടിയിൽ സൈനിക പോസ്റ്റിന് നേരെ ആക്രമണമുണ്ടായത്. കുപ്‌വാരയിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
കാർഗിൽ വിജയ് ദിവസമായിരുന്ന ഇന്നലെ പ്രധാനമന്ത്രി പാകിസ്ഥാന് ശക്തമായ താക്കീത് നൽകുകയും, ഇന്ത്യൻ സൈന്യം എല്ലാ തീവ്രവാദ വെല്ലുവിളികളെയും പരാജയപ്പെടുത്തുമെന്ന് പറയുകയും ചെയ്തതിനു തൊട്ടുപിന്നാലെയാണ് പുതിയ ഏറ്റുമുട്ടൽ. കൂടാതെ വർദ്ധിച്ചുവരുന്ന തീവ്രവാദ സംഭവങ്ങൾക്കിടയിൽ കരസേനാ മേധാവി ജനറലും ഈ ആഴ്ച ആദ്യം എൽഒസി സന്ദർശിക്കുകയും, നുഴഞ്ഞുകയറ്റവും ഭീകരാക്രമണങ്ങളും നേരിടാനുള്ള സേനയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുകയും ചെയ്തിരുന്നു.