NEWSROOM

ഡി സോൺ കലോത്സവത്തിലെ സംഘർഷം: 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകർ മാള ഹോളി ​ഗ്രേസ് കോളേജിലെ വേദി ഒന്നിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് എഫ്ഐആർ

Author : ന്യൂസ് ഡെസ്ക്

കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിലെ സംഘർഷത്തിൽ 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കെഎസ്‌യു നേതാവ് ഷാജിയുടെ പരാതിയിലാണ് മാള പൊലീസിൻ്റെ നടപടി.

സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകർ മാള ഹോളി ​ഗ്രേസ് കോളേജിലെ വേദി ഒന്നിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് എഫ്ഐആർ. പെൺകുട്ടികളെ അസഭ്യം വിളിച്ചുവെന്നും തൻ്റെ കാൽ സംഘർഷത്തിനിടെ തല്ലിയൊടിച്ചു എന്നും ഷാജി പരാതിയിൽ‌ പറയുന്നു. കാലിക്കറ്റ് സർവകലാശാല ചെയർപേഴ്സൺ നിഥ ഫാത്തിമയെ കള്ളി താഴെയിട്ടതായും എഫ്ഐആറിൽ പറയുന്നു.

ഭാരതീയ ന്യാസ സംഹിതയിലെ 189 (2), 191 (2), 191 (3), 126 (2), 115 (2), 118 (1), 118 (2), 296 (ബി), 110, 190 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐ പ്രവർത്തകരായ ആഷിഷ് , റിസ്വാൻ , മഹേഷ് , അഭിനന്ദ് , അതുൽ , അഷ്റഫ് , ഫിഡൽ കാസ്ട്രോ , അനുഷിക് , അതിരുദ്ധ് , വൈശാഖ് എന്നിവരാണ് കേസിലെ പ്രതികൾ.

അതേസമയം, സംഘർഷത്തിനിടെ എസ്എഫ്ഐ നേതാക്കളെ വളഞ്ഞിട്ട് മർദിച്ച കേസിലെ പ്രതികളായ കെഎസ്‌‌യുകാർക്ക് രക്ഷപ്പെടാന്‍ ആംബുലന്‍സ് സജ്ജീകരിച്ചത് പൊലീസാണെന്നതിന്‍റെ തെളിവുകൾ പുറത്തുവന്നു. കേരളവർമ കോളേജിലെ എസ്എഫ്ഐ നേതാവിന്റെ തലയ്ക്കടിച്ച ഗോകുൽ ഗുരുവായൂർ അടക്കമുള്ള നേതാക്കൾക്കാണ് പൊലീസ് രക്ഷപ്പെടാൻ വഴിയൊരിക്കിയത്. ആംബുലൻസ് വിളിച്ചുവരുത്തി പ്രതികൾക്ക് രക്ഷപെടാൻ അവസരമൊരുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. മാള സിഐയുടെ നേതൃത്വത്തിലാണ് മർദനത്തിനുശേഷം പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത്.

SCROLL FOR NEXT