NEWSROOM

ഡി സോൺ കലോത്സവത്തിലെ സംഘർഷം: KSU ജില്ലാ പ്രസിഡന്‍റ് ഗോകുൽ ഗുരുവായൂരിനെ സസ്പെന്‍ഡ് ചെയ്ത് കേരളവർമ കോളേജ്

ആറാം പ്രതിയും കേരള വർമ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റുമായ അക്ഷയ്ക്കും സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിലെ ആക്രമണ കേസിൽ ഒന്നാം പ്രതിയും കെഎസ്‌യു ജില്ല പ്രസിഡന്റുമായ ഗോകുൽ ഗുരുവായൂരിനെ കേരള വർമ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആറാം പ്രതിയും കേരള വർമ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റുമായ അക്ഷയ്ക്കും സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തേക്കാണ് സസ്പെൻഷൻ. കോളജ് സ്റ്റാഫ് കൌൺസിൽ ചേർന്നാണ് വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തത്.

കേരള വർമ കോളേജിലെ ബിഎ സംസ്കൃതം ഒന്നാം വർഷ വിദ്യാർഥിയാണ് ഗോകുൽ. മൂന്നാം വർഷ വിദ്യാർഥിയാണ് അക്ഷയ്. സംഘർഷത്തില്‍ പ്രതികളായ കെഎസ്‌യു നേതാക്കളെ ഇരിങ്ങാലക്കുട സബ് ജയിലിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ​ഗോകുലിനെ കൂടാതെ സംസ്ഥാന നേതാക്കളായ സുദേവൻ , സച്ചിൻ എന്നിവരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.



അതേസമയം, ഡി- സോൺ കലോത്സവത്തിൽ വിദ്യാർഥികളെ അക്രമിച്ച കെഎസ്‌യുവിനെ പൊതു സമുഹം ഒറ്റപ്പെടുത്തണമെന്നും കുപ്രചാരണങ്ങളെ തള്ളിക്കളയണമെന്നും എസ്‌എഫ്‌ഐ ആഹ്വാനം ചെയ്തു. കെഎസ്‌യു ക്രിമിനലുകളെ കോൺഗ്രസ്‌ നേതാക്കൾ പാലൂട്ടി വളർത്തുകയാണ്‌. ഇതിന്റെ ഭാഗമായാണ് കോൺഗ്രസ്‌ നേതാക്കളായ അനിൽ അക്കരയും ജോസ്‌ വള്ളുരും അക്രമികളെ അഭിവാദ്യം ചെയ്‌ത്‌ സമുഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. ബൈലോ പ്രകാരം കലോത്സവം നടത്താൻ അറിയാത്ത കെഎസ്‌യുക്കാരാണ്‌ ഡി സോൺ നടത്തിയത്‌. സംഘാടകരുടെ കെടുകാര്യസ്ഥത മൂലം തുടക്കം മുതൽ മത്സരാർഥികൾ വലഞ്ഞുവെന്നും എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം ഹസൻ മുബാറഖ് ആരോപിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ്‌ ഗോകുൽ ഗുരുവായൂരിന്റേയും സംസ്ഥാന നേതാക്കളുടേയും നേതൃത്വത്തിലാണ്‌ മാരകായുധങ്ങളുമായി വിദ്യാർത്ഥികളെ ആക്രമിച്ചത്‌. പെൺകുട്ടികളടക്കമുള്ളവർക്കം മർദനം ഏറ്റുവാങ്ങേണ്ടി വന്നു. കാമ്പസുകളിൽ പിന്തുണ നഷ്ടപ്പെട്ടതിന്‌റെ പ്രതികാരമായാണ് കെഎസ് യു ആക്രമണം നടത്തിയതെന്നും എസ്എഫ്ഐ നേതാക്കൾ ആരോപിച്ചു.

SCROLL FOR NEXT