NEWSROOM

പാലക്കാട്ടെ പൊലീസിന് സംഘി പ്രീണനമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ സംഘർഷം

പ്രകടനവുമായി എത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു

Author : ന്യൂസ് ഡെസ്ക്


പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ വധഭീഷണി പ്രസംഗത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് യൂത്ത് കോൺ​ഗ്രസ് മാർച്ച് നടത്തിയത്. പ്രകടനവുമായി എത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. വലിയ സംഘർഷമാണ് ഉണ്ടായത്.

മാർച്ച് ഉദ്ഘാടനം ചെയ്ത സന്ദീപ് വാര്യരെ പൊലീസ് അറസ്റ്റ് ചെയ്ത് ബസിൽ കയറ്റി. വലിച്ചിഴച്ചാണ് സന്ദീപിനെ ബസിൽ കയറ്റിയത്. സന്ദീപിനെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിലും പ്രവർത്തകരും ഇവിടേക്കെത്തി. തുടർന്ന് പൊലീസും രാഹുലും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലും പ്രവർത്തകരും സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഡിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തിയപ്പോൾ പൊലീസ് പ്രതിഷേധിച്ചില്ല. തനിക്കെതിരെ വധഭീഷണി മുഴക്കിയപ്പോൾ പ്രശ്നമാക്കിയില്ല. ബിജെപിക്കെതിരെ സമരം നടത്തുമ്പോഴാണ് പ്രശ്നം. പാലക്കാട്ടെ പൊലീസിന് സംഘി പ്രീണനമുണ്ട്. മുൻസിപ്പാലിറ്റി മാത്രമാണ് ബിജെപി ഭരിക്കുന്നത്. എന്നെ പിടിച്ചുമാറ്റിയത് യൂണിഫോമില്ലാത്ത പൊലീസാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറ‍ഞ്ഞു.

അതേസമയം, ദിവ്യ എസ് അയ്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തിലും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതികരിച്ചു. രാഷ്ട്രീയക്കാരെക്കുറിച്ച് നല്ലത് പറയുകയല്ല സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പണി. പല സിവിൽ സർവീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് പ്രവർത്തിക്കുന്നത്, എങ്ങനെ പെരുമാറണമെന്ന് അറിയില്ല. സോഷ്യൽ മീഡിയ ഹൈപ്പിൽ മാത്രമാണ് ചിലർക്ക് ക്രേസ്. ഡിസിസി പ്രസിഡൻ്റിനെ നിയമിച്ചതിൽ ഇത്തരം പോസ്റ്റിട്ടാൽ സർക്കാർ നടപടിയെടുക്കില്ലേയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

SCROLL FOR NEXT