മണിപ്പൂരിൽ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പിൽ മൂന്നുപേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്ത സംഭവത്തിൽ കാങ്‌പോക്പി ജില്ലയിൽ സംഘർഷാവസ്ഥ തുടരുന്നു. അറസ്റ്റ് ചെയ്ത വില്ലേജ് വളണ്ടിയർമാരെ വിട്ടയക്കണമെന്ന ആവശ്യവുമായി നൂറുകണക്കിന് പ്രധിഷേധക്കാരാണ് കാങ്‌പോക്പി ജില്ലയിലെ എസ്‌പി ഓഫീസിനു മുന്നിൽ തടിച്ചുകൂടിയത്.
മണിപ്പൂരിലെ ജിരിബാമിൽ കഴിഞ്ഞ ദിവസമാണ് സുരക്ഷാ സേനയ്‌ക്ക് നേരെ വെടിവെപ്പുണ്ടായത്. സംഭവത്തിൽ ന്യൂ കെയ്‌തെൽമാൻബി പൊലീസ് സ്‌റ്റേഷന് കീഴിലുള്ള എൽ ഹെങ്‌ജോൾ ഗ്രാമത്തിൽ നിന്ന് മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താങ്‌ജോയൽ ഹാവോകിപ് എന്ന താങ്‌ബോയ്, ജംഗ്‌ജൂലൻ ഖോങ്‌സായി എന്ന ഗൗലൻ, ജംഗ്‌മിൻലുൻ സിങ്‌സൺ എന്ന ഫ്രാങ്കി എന്നീ മൂന്ന് പേർ ആണ് അറസ്റ്റിലായത്.
മൂവരും വിവിധ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പ്രതികളാണെന്നും, പല ക്രിമിനൽ ഗ്രൂപ്പുകളിലും അംഗങ്ങൾ ആണെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായവരെയും, ഇവരിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും തുടർ നടപടികൾക്കായി ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയെന്നും പൊലീസ് അറിയിച്ചു. രണ്ട് എ.കെ സീരീസ് റൈഫിളുകൾ, ഒരു എം.കെ. 3 റൈഫിൾ, ഒരു എസ്ബിബിഎൽ, 1,382 വെടിയുണ്ടകൾ എന്നിവയാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തതെന്നും പൊലീസ് കൂട്ടിച്ചേർത്തു.