NEWSROOM

തിരുവനന്തപുരത്ത് ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കം; പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് മര്‍ദനം

ശുചിമുറിയുടെ ചുമരില്‍ തല പിടിച്ചിടിക്കുകയും നിലത്തിട്ട് മര്‍ദിക്കുകയും ചെയ്തതായി രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം പള്ളിക്കലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി. പള്ളിക്കല്‍ ഗവണ്‍മെന്റ് എച്ച്. എസ്. എസിലെ വിദ്യാര്‍ഥി റയ്ഹാനാണ് പ്ലസ് ടു വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റത്. തലയ്ക്കും കഴുത്തിനും കാലിനും മര്‍ദ്ദനമേറ്റ റയ്ഹാന്‍ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിയാണ്.

ഇക്കഴിഞ്ഞ 16 ന് ഉച്ചയ്ക്കാണ് പള്ളിക്കല്‍ ഗവ. എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥി റയ്ഹാന് പ്ലസ് ടു വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റത്. ഉച്ചയ്ക്ക് ശുചിമുറിയില്‍ പോയി മടങ്ങി വരുമ്പോള്‍ ഏഴു പേര്‍ അടങ്ങുന്ന സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായാണ് പരാതി. ശുചിമുറിയുടെ ചുമരില്‍ തല പിടിച്ചിടിക്കുകയും നിലത്തിട്ട് മര്‍ദിക്കുകയും ചെയ്തതായി രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. റയ്ഹാന്റെ കാല്‍ വിരലുകള്‍ക്ക് പൊട്ടലുണ്ട്. തലയ്ക്കും കഴുത്തിനും ക്ഷതമേറ്റതായും അമ്മ സജിനി പറഞ്ഞു.

സ്‌കൂളിലെ ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പരിശോധനയ്ക്കുശേഷം ആകും തുടര്‍നടപടികള്‍.

മറ്റൊരു സംഭവത്തില്‍ കാസര്‍ഗോഡ് ബളാംതോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റു. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മര്‍ദിച്ചെന്നാണ് പരാതി. കുട്ടിയുടെ മുഖത്തെ എല്ലിന് പൊട്ടലുണ്ടെന്ന് പിതാവ് പറയുന്നു. പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. ഈ മാസം പതിനാലിനായിരുന്നു സംഭവം. ഇരിപ്പിടത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തിന് കാരണമെന്നാണ് പരാതി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി.

SCROLL FOR NEXT