മെക്സിക്കോയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡൻ്റായി അധികാരമേറ്റ് ഇടത് മൊറേന പാർട്ടിയുടെ ക്ലൗഡിയ ഷെയ്ൻബോം. 25 വർഷക്കാലത്തോളം മെക്സിക്കൻ തലസ്ഥാനമായ മെക്സിക്കോ സിറ്റിയുടെ മേയറായിരുന്ന ക്ലൗഡിയ, രാജ്യത്തെ ജൂതപാരമ്പര്യമുള്ള ആദ്യ പ്രസിഡന്‍റ് കൂടിയാണ്.
ചൊവ്വാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ സ്ത്രീമുന്നേറ്റം അടയാളപ്പെടുത്തി സർക്കാർ ചിഹ്നം അനാച്ഛാദനം ചെയ്തുകൊണ്ടാണ് ക്ലൗഡിയ ഷെയ്ൻബോം അധികാരമേറ്റത്. മെക്സിക്കോയുടെ 200 വർഷ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വനിത, പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ആന്ദ്രേസ് മാനുവേൽ ലോപസ് ഒബ്രദോറിൻ്റെ പിന്‍ഗാമിയായി ഇടത് മൊറേന പാർട്ടിയാണ് ഈ ചരിത്രനേട്ടത്തിലേക്ക് വഴിയൊരുക്കിയത്.
Also Read: അവസാന വാർത്താസമ്മേളനത്തില്‍ 'വാച്ച് നറുക്കെടുപ്പ്'; വ്യത്യസ്തമായി സ്ഥാനം ഒഴിഞ്ഞ് പ്രസിഡന്‍റ് ആന്ദ്രേസ് മാനുവേൽ ലോപസ്
റോമൻ കത്തോലിക്കാസഭയ്ക്ക് ഭരണ സ്വാധീനമുള്ള മെക്സിക്കോയിലെ ജൂത പാരമ്പര്യമുള്ള ആദ്യ പ്രസിഡന്‍റ് എന്ന പ്രത്യേകതയും ക്ലൗഡിയ ഷെയ്ൻബോമിനുണ്ട്. ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മെക്സിക്കോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് ക്ലൗഡിയ തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് മത്സരത്തിനുവേണ്ടി സ്ഥാനമൊഴിയുന്നത് വരെ 25 വർഷക്കാലം മെക്സിക്കോ തലസ്ഥാനമായ മെക്സിക്കോ സിറ്റിയുടെ മേയറായിരുന്നു ക്ലൗഡിയ.
1995ല്‍ മെക്സിക്കോ സിറ്റിയുടെ ആദ്യ വനിതാ മേയറായി തെരഞ്ഞെടുക്കപ്പെട്ട ക്ലൗഡിയ അധോലോക തലസ്ഥാനമായ നഗരത്തിലെ കുറ്റകൃത്യനിരക്ക് കുറച്ചതടക്കം നേട്ടങ്ങളാല്‍ പ്രശംസിക്കപ്പെട്ടിട്ടുള്ള നേതാവാണ്. തൊഴില്‍കൊണ്ട് പരിസ്ഥിതി ശാസ്ത്രജ്ഞയായ ക്ലൗഡിയ നോബേല്‍ പുരസ്കാരം നേടിയ യുഎന്നിൻ്റെ കാലാവസ്ഥാ വ്യതിയാന കൗണ്‍സിലില്‍ അംഗമായിരുന്നു.
മാനുവേൽ ലോപസ് ഒബ്രദോറിൻ്റെ രാഷ്ട്രീയ ഉപദേഷ്ടാവിന്‍റെ പദവിയില്‍ നിന്ന് അധികാരത്തിലേക്ക് ചുവടുവെയ്ക്കുമ്പോള്‍, രാജ്യത്തെ ജഡ്ജിമാരെ വോട്ടിലൂടെ തെരഞ്ഞെടുക്കാനുള്ള നിയമം അടക്കം മുന്‍ പ്രസിഡന്‍റിന്‍റെ അവസാനകാല ഭരണപരിഷ്കാരങ്ങളുടെയെല്ലാം ഫലമാണ് ക്ലൗഡിയയെ കാത്തിരിക്കുന്നത്.