ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൺ ഗായത്രി ബാബു ജാതീയമായി അധിക്ഷേപിച്ചെന്ന ശുചീകരണ തൊഴിലാളികളുടെ ആരോപണത്തില്‍ പ്രതികരിച്ച് തിരുവനന്തപുരം കൊർപ്പറേഷന്‍ മേയർ ആര്യ രാജേന്ദ്രന്‍. ആരോപണം ആരോപണം മാത്രമെന്നായിരുന്നു മേയറുടെ പ്രതികരണം. നഗരസഭയ്ക്ക് ഈ വിഷയത്തിൽ ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും തൊഴിലാളികൾക്ക് വേണ്ടി നിലകൊള്ളുന്ന ജനപ്രതിനിധികളാണുള്ളതെന്നും മേയർ അറിയിച്ചു. ലൈസന്‍സില്ലാത്ത തൊഴിലാളികള്‍ മാലിന്യ ശേഖരണത്തില്‍ ഏർപ്പെടേണ്ട എന്ന കോർപ്പറേഷന്‍ നിലപാടിനെ തുടർന്ന് തൊഴിലാളികള്‍ കോർപ്പറേഷനു മുന്നില്‍ കുടില്‍കെട്ടി സമരത്തിലാണ്.
"ഞങ്ങൾ തൊഴിലാളികൾക്കെതിരല്ല. എഫ്ഐആർ ഇട്ട ഒരു വാഹനം എങ്ങനെയാണ് മേയർ വിട്ടു നൽകുക. മേയറുടെ അധികാരപരിധിയിലുള്ളതല്ല അത്. നമുക്ക് മുൻപിൽ ഒരു ദുരനുഭവമുണ്ട്, ആമിഴഞ്ചാൻ തോട്ടിലെ മാലിന്യമാണത്" , ആര്യ രാജേന്ദ്രന്‍ പറഞ്ഞു. സമരം ചെയ്യുന്ന തൊഴിലാളികളെ ഹരിത കർമ്മ സേനയിൽ ഉൾപ്പെടുത്താൻ കോർപ്പറേഷൻ തയ്യാറാണെന്നും ആര്യ രാജേന്ദ്രന്‍ അറിയിച്ചു.
ഇന്ന് രാവിലെ തിരുവനന്തപുരം നഗരസഭ കവാടത്തിനു മുകളിൽ കയറി ശുചീകരണ തൊഴിലാളികള്‍ ജീവനൊടുക്കുമെന്ന് ഭീഷണിമുഴക്കിയിരുന്നു. നാലു തൊഴിലാളികളാണ് കവാടത്തിനു മുകളിൽ കയറി പ്രതിഷേധിച്ചത്. നീണ്ട പരിശ്രമത്തിനൊടുവിൽ പൊലീസ് ഇവരെ അനുനയിപ്പിച്ച് താഴെ ഇറക്കിയെങ്കിലും പ്രതിഷേധം തുടരാനാണ് ശുചീകരണ തൊഴിലാളികളുടെ തീരുമാനം . ഇന്നലെ ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയില്‍ ഗായത്രി ബാബു ജാതീയമായി അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാർ സമരം ശക്തമാക്കിയത്.
Also Read: പെട്രോളും കൊടികളുമായെത്തി, ജീവനൊടുക്കുമെന്ന് ഭീഷണി; തിരുവനന്തപുരം നഗരസഭയിൽ പ്രതിഷേധവുമായി ശുചീകരണ തൊഴിലാളികൾ
വീടുകളിൽ നിന്നും സ്വന്തം നിലയ്ക്ക് മാലിന്യം ശേഖരിക്കുന്ന ശുചീകരണ തൊഴിലാളികൾ കഴിഞ്ഞ 43 ദിവസമായി കോര്‍പ്പറേഷന് മുന്നിൽ കുടിൽകെട്ടി സമരം നടത്തുകയാണ്. ലൈസൻസില്ലാത്ത ആളുകൾ മാലിന്യം ശേഖരിക്കേണ്ടതില്ലെന്ന കോർപ്പറേഷൻ തീരുമാനത്തെ തുടർന്ന് സ്വകാര്യ ശുചീകരണ തൊഴിലാളികളുടെ വണ്ടികള്‍ പിടിച്ചെടുത്തിരുന്നു. കോർപ്പറേഷന്‍റെ ഈ നടപടി അംഗീകരിക്കാത്ത തൊഴിലാളികൾ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ചര്‍ച്ചയില്‍ വണ്ടികള്‍ വിട്ട് നൽകാന്‍ തീരുമാനമായിരുന്നു. എന്നാൽ തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ഇതിനെ തുടർന്ന് ഇന്നലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറുമായി തൊഴിലാളികള്‍ ചര്‍ച്ച നടത്തി. വണ്ടി വിട്ട് നൽകാനാകില്ലെന്നും കേസെടുത്തതിനാൽ കോടതി വഴി മാത്രമെ തൊഴിലാളികൾക്ക് വണ്ടി തിരികെ നല്‍കാന്‍ സാധിക്കുകയുള്ളൂ എന്നുമായിരുന്നു ചര്‍ച്ചയിൽ കോര്‍പ്പറേഷന്‍റെ നിലപാട്. ഈ യോഗത്തിൽ വെച്ച് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സൺ ഗായത്രി ബാബു ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. തൊഴിലാളികള്‍ ഒരു പ്രത്യേക വിഭാഗത്തില്‍ നിന്നുള്ളവരാണെന്നും അനുകമ്പ കാണിക്കേണ്ടതില്ലെന്നും ഗായത്രി പറഞ്ഞതായാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ന് രാവിലെ കോര്‍പ്പറേഷൻ കവാടത്തിന് മുകളിൽ കയറിയുള്ള തൊഴിലാളികളുടെ പ്രതിഷേധം.