ഉല്‍പ്പാദനം അഞ്ചിലൊന്നായി ചുരുങ്ങിയതോടെ പ്രതിസന്ധിയിലായി ചെറുകിട തേയില കർഷകർ. കൊളുന്ത് ഉല്‍പാദനം ഏറ്റവും കൂടുതലുള്ള സീസൺ ആണെങ്കിലും കാലാവസ്ഥ വ്യതിയാനം ചതിച്ചെന്നാണ് കർഷകർ പറയുന്നത്.
ശരാശരി 2000 കിലോയ്ക്ക് മുകളിൽ പച്ച കൊളുന്ത് ലഭിച്ചിരുന്ന സീസണിൽ ഇപ്പോള്‍ ലഭിക്കുന്നത് വെറും 500 കിലോ മാത്രമാണ്. കൃത്യമായി 15 ദിവസം കൂടുമ്പോൾ പച്ച കൊളുന്ത് എടുത്തിരുന്ന കർഷകർക്ക് ഇപ്പോള്‍ ഒരു മാസമായാലും തേയിലച്ചെടിയില്‍ നിന്ന് കൊളുന്ത് ലഭിക്കുന്നില്ലെന്ന് പറയുന്നു. കാലാവസ്ഥ വ്യതിയാനമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് കർഷകർ പറയുന്നത്. ഇടയ്ക്കിടെ പെയ്യുന്ന ശക്തമായ മഴയും കടുത്ത വെയിലും തേയില കൃഷിയെ പ്രതിസന്ധിയിലാക്കുന്നു.
ALSO READ: ശീതളപാനീയ വിപണി കീഴടക്കാനൊരുങ്ങി കേരളം; പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ 'ഒസിയാന' ദേശീയ തലത്തിലേക്ക്
പച്ചക്കൊളുന്തിന് 20 രൂപ ലഭിച്ചിട്ടും ഉല്‍പാദനം കുത്തനെ കുറഞ്ഞതിനാൽ വില്‍ക്കാൻ ചെറുകിട കർഷകൻ്റെ പക്കൽ പച്ചകൊളുന്ത് ഇല്ല. വൻകിട കർഷകർക്ക് ഇപ്പോള്‍ 27 രൂപ വരെ പച്ചക്കൊളുന്തിന് ലഭിക്കുന്നുണ്ട്. കൊളുന്ത് എടുപ്പ് കൂലി ഒരു തൊഴിലാളിക്ക് കിലോയ്ക്ക് എട്ട് രൂപയാണ്. വളത്തിനും കീടനാശിനിക്കും വില കുത്തനെ ഉയർന്നുവെന്നും തേയില കർഷകർ പരാതിപ്പെടുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകളും ടീ ബോർഡും കനിഞ്ഞാൽ മാത്രമാണ് പ്രതിസന്ധി പരിഹരിക്കാൻ കഴിയുകയെന്ന് തേയില കർഷകർ പറയുന്നു.