NEWSROOM

2024- കാലാവസ്ഥാ വ്യതിയാനത്തിൽ ലോകം പതറിയ വർഷം

18 കൊടുങ്കാറ്റുകൾ, 16 ചുഴലിക്കാറ്റുകൾ, ഇവയിൽ തന്നെ 5 അതിതീവ്ര ചുഴലിക്കാറ്റുകൾ. യൂറോപ്പ് അക്ഷരാർഥത്തിൽ വിറച്ച വർഷം തന്നെയായിരുന്നു 2024

Author : പ്രണീത എന്‍.ഇ

ബാബ വാങ്ക എന്ന ബൾഗേറിയൻ സ്ത്രീയുടെ പ്രവചനങ്ങൾ പലപ്പോഴും ലോകശ്രദ്ധ നേടാറുണ്ട്. പ്രവചനങ്ങളിൽ പലതും ഫലിച്ചെന്നതാണ് ഇതിന് കാരണം. വളരെ വർഷങ്ങൾക്ക് മുൻപ് 2024 എന്ന വർഷത്തെക്കുറിച്ചും വാങ്ക ചില പ്രവചനങ്ങൾ നടത്തിയിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു കാലാവസ്ഥാ പ്രതിസന്ധി. പ്രവചനങ്ങൾ ഫലിക്കുക എന്നത് ചില സാധ്യതകൾ കൊണ്ട് മാത്രം സംഭവിക്കുന്ന ഒന്നായിരിക്കാം. എന്നാൽ വാങ്കയുടെ ഈ പ്രവചനം കൃത്യമായിരുന്നു.

അഫ്ഗാനിലെ പ്രളയം (2024 ജൂലൈ-സെപ്തംബർ)

2024 ജൂലൈ 21. ആഗോള താപനില 17.09 ഡിഗ്രി സെലിഷിസിലേക്കെത്തി. യൂറോപ്യൻ കാലവസ്ഥാ ഏജൻസി ആ ദിവസത്തെ വിശേഷിപ്പിച്ചത് 84 വർഷത്തിനിടെ ഭൂമിയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും ചൂട് കൂടിയ ദിവസമെന്നായിരുന്നു. ഏറ്റവുമൊടുവിൽ യൂറോപ്യൻ കാലാവസ്ഥാ സർവീസ് ഏജൻസിയായ കോപ്പർനിക്കസ് പുറത്തിറക്കിയ റിപ്പോർട്ടിൽ, മനുഷ്യരാശി കണക്കാക്കിയതിൽ വെച്ച് ഏറ്റവും ചൂടേറിയ വർഷമായിരിക്കാം 2024 എന്നും വ്യക്തമാക്കുന്നു.

18 കൊടുങ്കാറ്റുകൾ, 16 ചുഴലിക്കാറ്റുകൾ, ഇവയിൽ തന്നെ 5 അതിതീവ്ര ചുഴലിക്കാറ്റുകൾ. യൂറോപ്പ് അക്ഷരാർഥത്തിൽ വിറച്ച വർഷം തന്നെയായിരുന്നു 2024. ബെറിൽ, ഡെബി, ഹെലൻ, മിൽട്ടൺ ചുഴലിക്കാറ്റുകളുടെ നടുക്കത്തിൽ നിന്നും രാജ്യങ്ങൾ ഇന്നും കരകേറിയിട്ടില്ല. "കാലാവസ്ഥാ പ്രതിസന്ധി വർഷാവർഷം റെക്കോർഡുകൾ തകർത്തുകൊണ്ടേയിരിക്കുന്നു. ഇതിൻ്റെ ഫലമായാണ് അതിവേഗം തീവ്രമാകുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ, തീവ്ര മഴ, വെള്ളപ്പൊക്കം എന്നിവയുണ്ടാകുന്നത്," ലോക കാലവസ്ഥാ സംഘടനയുടെ ജനറൽ സെക്രട്ടറി സെലസ്റ്റെ സോളോ പറയുന്നു.

ചിലിയിലെ കാട്ടുതീ (2024 ഫെബ്രുവരി)


സ്പെയിനിലെ വെള്ളപ്പൊക്കം, അഫ്ഗാനിലെയും പാകിസ്ഥാനിലെയും വെള്ളപ്പൊക്കം, ചിലിയിലെയും ബ്രസീലിയൻ കാടുകളിലെയും കാട്ടുതീ, ഈസ്റ്റ് ആഫ്രിക്കയിലെ തീവ്ര പ്രളയം, തെക്കുകിഴക്കൻ ഏഷ്യയിലെ യാഗി ചുഴലിക്കാറ്റ് തുടങ്ങി കാലാവസ്ഥാ പ്രതിസന്ധിയുടെ ഭീകരത പേറിയെത്തിയ പ്രകൃതി ദുരന്തങ്ങൾ ഏറെയായിരുന്നു. എത്ര പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നത് പോലും വ്യക്തമല്ല.

കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിൽ

ഇന്ത്യയിൽ എൽ നിനോ പ്രതിഭാസത്തിൻ്റെ പകർച്ചകളുമായാണ് വർഷം ആരംഭിക്കുന്നത് തന്നെ. ഉഷ്ണതരംഗം, പ്രളയം, മണ്ണിടിച്ചിൽ ഇങ്ങനെ നീളുന്നു ഇന്ത്യയിലെ പ്രകൃതി ദുരന്തങ്ങളുടെ നിര. ഇന്ത്യയിൽ ഈ വ‍ർഷം പ്രകൃതിദുരന്തത്തിനിരയായത് 3238 ജീവനുകളാണ്. ഇതിൽ 550 പേർ കേരളത്തിൽ നിന്ന് മാത്രം. 3.2 മില്യൺ ഹെക്ടർ കൃഷിഭൂമി നശിച്ചു. രണ്ട് ലക്ഷത്തിൽ പരം വീടുകൾ തകർന്നടിഞ്ഞു.

അസം പ്രളയം (2024 ജൂൺ)

കാലാവസ്ഥാ വ്യതിയാനത്തിന്റെ പല റെക്കോർഡുകളും 2024ൽ ഉണ്ടായെന്നാണ് സെൻ്റർ ഫോർ സയൻസ് ആൻ്റ് എൻവൺമെൻ്റ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. കാലാവസ്ഥാ വകുപ്പിൻ്റെ കണക്ക്പ്രകാരം, വർഷത്തിലെ ആദ്യ 274 ദിവസങ്ങളിൽ 255ലും അതി തീവ്ര കാലാവസ്ഥ രേഖപ്പെടുത്തിയിരുന്നു. 1901ന് ശേഷമുള്ള ഇന്ത്യയുടെ ഒമ്പതാമത് വരണ്ട മാസമായിരുന്നു 2024 ജനുവരി. ഫെബ്രുവരിയിൽ ഇന്ത്യയിൽ 123 വർഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. മേയ് മാസത്തിൽ ഏറ്റവും കൂടിയ ശരാശരി താപനില രേഖപ്പെടുത്തിയപ്പോൾ, ജൂലൈ, ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ രാജ്യം തണുത്തുവിറച്ചു. തുടർന്നുള്ള മാസങ്ങളിൽ ചൂട് അനിയന്ത്രിതമായി. കാലം തെറ്റി മഴ പെയ്തു. മനുഷ്യനിർമിത ദുരന്തങ്ങൾ വേറെയുമുണ്ടായി. 

കുത്തിയൊലിച്ചെത്തിയ വെള്ളത്തെ നിയന്ത്രിക്കാനാകതെ ഭരണകൂടം നിസഹായരായ പല സന്ദർഭങ്ങളും 2024ൽ നമ്മൾ കണ്ടു. 122 ദിവസമാണ് അസാമിനെ പ്രളയം വലച്ചത്. 109 പേർ മരണപ്പെട്ടു. ആന്ധപ്രദേശിലെ വെള്ളപ്പൊക്കത്തിൽ പൊലിഞ്ഞത് 35 ജീവനുകൾ. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അസ്ന ആഞ്ഞിടിച്ചപ്പോൾ, 49 പേർക്ക് ജീവൻ നഷ്ടമായി. 210 ജീവനുകൾ ഉഷ്ണതരംഗത്തിൽ പൊലിഞ്ഞു. 2024ൽ കാലാവസ്ഥാ പ്രതിസന്ധി കേരളത്തിന് നൽകിയത് ചൂരൽമല മുണ്ടക്കൈ ദുരന്തമെന്ന തീരാനോവാണ്.

2024ലെ നേട്ടങ്ങൾ

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ബാക്കി പത്രങ്ങളായി പല ദുരന്തങ്ങളും നമ്മൾ കണ്ടെങ്കിലും, ഒഴിച്ചുകൂടാനാവാത്ത ചില നേട്ടങ്ങളും ഈ വർഷമുണ്ടായി. ബ്രിട്ടനിലെ അവസാനത്തെ കൽക്കരി പ്ലാൻ്റും പ്രവർത്തനരഹിതമായെന്നതാണ് അതിലേറ്റവും പ്രധാനപ്പെട്ട ഒന്ന്. പൊതുവൈദ്യുത ഉത്പാദനത്തിനായി കൽക്കരി ഉപയോഗിച്ച ലോകത്തിലെ ആദ്യ രാജ്യമായ ബ്രിട്ടൻ, ഇനി വൈദ്യുതിക്കായി കൽക്കരി ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കി. ആമസോൺ കാടുകളിലെ വനനശീകരണം കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയത് ഈ വർഷമാണ്. ബ്രസീലിലെ നാഷണൽ സ്പെയ്സ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കണക്കനുസരിച്ച്, വനനശീകരണം ഏകദേശം 30 ശതമാനത്തോളം കുറഞ്ഞു. കാർബൺ പ്രൊഡക്ഷൻ കുറക്കാനുള്ള ശ്രമങ്ങളും, ലോകം ആരംഭിച്ചുകഴിഞ്ഞു.

ബ്രിട്ടനിലെ കൽക്കരി പ്ലാൻ്റ്

ഭൂഖണ്ഡങ്ങളുടെയും അതിർത്തികളുടെയും വ്യത്യാസമില്ലാതെ, കാലാവസ്ഥാ വ്യതിയാനം ലോകമെങ്ങും ചർച്ചയാവുകയാണ്. അടിയന്തരമായി നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, ഭൂമി ഇനി മനുഷ്യരാശിക്ക് തന്നെ ജീവിക്കാൻ യോഗ്യമായേക്കില്ല. 2025ലേക്ക് കടക്കുമ്പോൾ, ഭൂമിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ കൂടി നടത്തണമെന്ന ബോധവും ലോകരാഷ്ട്രങ്ങൾക്കുണ്ട്.

SCROLL FOR NEXT