കുണ്ടന്നൂർ തേവരപ്പാലം അടച്ചിടുന്നതിൽ ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച് പൊതുമരാമത്ത് മന്ത്രിക്കും ജില്ലാ കളക്ടർക്കും കത്തയച്ച് മരട് നഗരസഭ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ. ഈ മാസം 15 മുതൽ ഒരു മാസത്തേക്കാണ് പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചിടാൻ തീരുമാനമായത്. മരട് നിവാസികൾക്ക് ടോൾ ഒഴിവാക്കണമെന്നും കത്തിൽ പറയുന്നു.
കൊച്ചി ഭാഗത്ത് നിന്ന് കുണ്ടന്നൂർ ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ വെണ്ടുരുത്തി പാലം വഴി എംജി റോഡിൽ പ്രവേശിച്ച് പോകണം. തൃപ്പൂണിത്തുറ കുണ്ടന്നൂർ ഭാഗങ്ങളിൽ നിന്നും പശ്ചിമ കൊച്ചി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജംഗ്ഷനിലെത്തി എംജി റോഡ് വഴി പോകണമെന്നുമായിരുന്നു അറിയിപ്പിൽ പറഞ്ഞിരുന്നത്.
അതേസമയം, അറ്റകുറ്റപ്പണി പണികൾ ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണി പൂർത്തിയാകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. കേരളത്തിലെ നീളം കൂടിയ പാലങ്ങളിലൊന്നായ കൊച്ചിയിലെ തേവര-കുണ്ടന്നൂർ പാലം അറ്റകുറ്റ പണികൾക്കായി കഴിഞ്ഞ ജൂലൈയിൽ പാലം രണ്ട് ദിവസത്തേക്ക് അടച്ചിരുന്നു.